Quantcast

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കി

കേസില്‍ ഷീല 72 ദിവസമാണ് ജയിലിൽ കിടന്നത്.

MediaOne Logo

Web Desk

  • Published:

    5 July 2023 11:15 AM GMT

sheela sunny
X

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരെ എക്‌സൈസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല നൽകിയ ഹർജിയിലാണ് കോടതി നടപടി. എൽഎസ്ഡി സ്റ്റാംപ് കടത്തിയെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഷീല 72 ദിവസമാണ് ജയിലിൽ കിടന്നത്.

എക്‌സൈസ് പിടിച്ചെടുത്തത് എൽഎസ്ഡി ലഹരി സ്റ്റാംപ് അല്ലെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞതായും അതിനാൽ കേസ് റദ്ദാക്കണമെന്നുമാണ് ഷീല ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിൽ ഇവർ അറസ്റ്റിലായത്. ഷീലയുടെ വാഹനത്തിൽനിന്ന് 12 എൽഎസ്ഡി സ്റ്റാംപുകൾ പിടിച്ചെടുത്തു എന്നാണ് എക്‌സൈസ് അവകാശപ്പെട്ടിരുന്നത്.

കേസ് വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇരിങ്ങാലക്കുടയിലെ എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന കെ. സതീശനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

മയക്കുമരുന്ന് കണ്ടിട്ടു പോലുമില്ല

സംഭവത്തെ കുറിച്ച് ഷീല സണ്ണി മീഡിയവൺ ചാനലിനോട് പറഞ്ഞതിങ്ങനെ;

'ഫെബ്രുവരി 27ന് വൈകിട്ട് അഞ്ചു മണിക്കാണ് എക്‌സൈസ് സംഘം വന്നത്. ഒരു വനിതാ പൊലീസും ഓഫീസറും മാത്രമാണ് യൂണിഫോമിലുണ്ടായിരുന്നത്. പാർലറിൽ മയക്കുമരുന്ന് ബിസിനസ് നടക്കുന്നുണ്ട് എന്ന് വിവരം ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. നിങ്ങളുടെ ബാഗിലും വണ്ടിയിലുമാണ് അതുള്ളതെന്നും പറഞ്ഞു. ബാഗ് എക്‌സൈസ് ഓഫീസർ കത്രിക വാങ്ങി വെട്ടി അതിന്റെ ഉള്ളിൽ കൈയിട്ടിട്ടാണ് ഒരു ചെറിയ പാക്കറ്റെടുത്ത് കാണിച്ചു തന്നത്. ഇതാണ് മയക്കുമരുന്ന് സ്റ്റാംപാണ് എന്നും പറഞ്ഞു. എവിടന്ന് കിട്ടിയതാണ് എന്നു ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞു. മകനെ വിളിച്ചു വരുത്തി വാഹനം തുറയ്ക്കാൻ പറഞ്ഞു. വണ്ടിയുടെ ഉള്ളിൽ സീറ്റിനടിയിൽ ഇൻഷുറൻസ് അടച്ചതിന്റെ കവറിന്റെ ഉള്ളിൽ ഒരു പാക്കറ്റ് ലഹരിയും കണ്ടെടുത്തു. ഒരു മാസമായി നിങ്ങളെ നിരീക്ഷിക്കുകയാണ് എന്നാണ് പറഞ്ഞത്. പാർലർ, അതു കഴിഞ്ഞാൽ വീട്, അങ്ങനെ മാത്രം സഞ്ചരിക്കുന്നയാളാണ് ഞാൻ. വേറെ എവിടെയും പോകാറില്ല.

പിന്നീട് എക്‌സൈസിന്റെ ഓഫീസിലേക്ക് കൊണ്ടു പോയി. ചാനലുകാർ വന്നു. എന്താണ് നടക്കുന്നത് എന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോ വീട്ടിലേക്ക് പറഞ്ഞുവിടും എന്നായിരുന്നു എന്റെ വിചാരം. ജയിലിൽ അടയ്ക്കും എന്നൊന്നും അറിയില്ലായിരുന്നു. മയക്കുമരുന്ന് എന്താണ് എന്ന് ഞാൻ കണ്ടിട്ടു പോലുമില്ല. ഒരു തെറ്റും ചെയ്യാതെ 72 ദിവസം ജയിലിൽ കിടന്നു. അതിനു ശേഷം മരുമകനാണ് ഒരു വക്കീലിനെ കണ്ട് ജാമ്യത്തിലിറക്കിയത്. അതിനു പിന്നിൽ സംശയമുള്ള ആളുകളെ പറഞ്ഞു കൊടുത്തിരുന്നു. എന്നാൽ ഇതുവരേക്ക് എക്‌സൈക് അവരെ വിളിച്ചിട്ടില്ല. ഇത് ആരാ വച്ചത് എന്നു കണ്ടുപിടിക്കണം.'



TAGS :

Next Story