'ചിത്രപ്രിയയെ മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു, ഭാരമേറിയ കല്ല് തലയിലേക്ക് എടുത്തിട്ടു, ശേഷം വേഷംമാറി രക്ഷപ്പെട്ടു': ആണ്‍സുഹൃത്ത് അലന്‍ പൊലീസിനോട്
പ്രതി അലനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു

എറണാകുളം: മലയാറ്റൂര്‍ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പ്രതിയായ ആണ്‍സുഹൃത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആണ്‍സുഹൃത്ത് പെണ്‍കുട്ടിയുടെ ജീവനെടുത്തത് തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടെന്നാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതി അലന്‍ പൊലീസിന് ഇന്ന് വിശദീകരിച്ചിരുന്നു.
ചിത്രപ്രിയയെ കൊലപ്പെടുത്താന്‍ മുന്‍പും താന്‍ ശ്രമിച്ചിരുന്നതായും കൊലപാതകത്തിന് ശേഷം വേഷംമാറി രക്ഷപ്പെട്ടുവെന്നും അലന്‍ പൊലീസിനോട് വെളിപ്പെടുത്തി. കാലടി പുഴയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചിരുന്നതായും അലന്‍ പൊലീസിനോട് കുറ്റസമ്മതം കണ്ടെത്തി. പ്രതി അലനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു.
ബെംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബം പറഞ്ഞു. അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നിരുന്നുവെന്നും ചോദ്യംചെയ്യലില്‍ അലന്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ബെംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ അവള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് താന്‍ ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്നും അലന്‍ പൊലീസിന് നേരത്തെ നല്‍കിയ മൊഴിയിലുണ്ട്.
മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയെ രണ്ടാഴ്ചയ്ക്ക് മുന്‍പാണ് മരിച്ചനിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. അടുത്തുള്ള കടയില്‍ സാധനം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ചിത്രപ്രിയ പിന്നീട് തിരിച്ചുവരാഞ്ഞതിന് പിന്നാലെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചുതുടങ്ങിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു. കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന് അലന്‍ നല്‍കിയ മൊഴി.
Adjust Story Font
16

