ആരോഗ്യവകുപ്പിലെ തസ്തിക: മന്ത്രിസഭായോഗത്തിൽ ധനമന്ത്രിയുമായി തർക്കിച്ച് ആരോഗ്യമന്ത്രി
നാല് മെഡിക്കൽ കോളജുകളിലായി 180 ഡോക്ടർ തസ്തിക ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മാസങ്ങൾക്ക് മുൻപേ ധനവകുപ്പിന് കത്തയച്ചിരുന്നു

Photo | Special Arrangement
തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ നിയമനത്തെച്ചൊല്ലി ആരോഗ്യ-ധനമന്ത്രിമാർ തമ്മിൽ തർക്കം. പുതിയതായി ആരംഭിച്ച കാസർകോട്, വയനാട്, ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിലായി 180 ഡോക്ടർമാരെ നിയമിക്കാനുള്ള മന്ത്രി വീണാ ജോർജിന്റെ ആവശ്യത്തിന് ഇത്രയും തസ്തിക നൽകാൻ കഴിയില്ലെന്ന് മന്ത്രിസഭായോഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
ചോദിച്ച തസ്തിക കിട്ടാത്തതിനെതിരെ വീണാ ജോർജ് രോഷപ്രകടനം നടത്തി. സാമ്പത്തികപ്രതിസന്ധി കാരണം കൂടുതൽ തസ്തിക അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയതോടെ ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ചീഫ് സെക്രട്ടറി എ. ജയതിലകിനെ ചുമതലപ്പെടുത്തുകയായിരുന്നു.
നാല് മെഡിക്കൽ കോളജുകളിലുമായി 180 ഡോക്ടർ തസ്തിക ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മാസങ്ങൾക്ക് മുൻപേ ധനവകുപ്പിന് കത്തയച്ചിരുന്നു. എന്നാൽ, കാസർകോട്, വയനാട് മെഡിക്കൽ കോളേജുകളിൽ 30 തസ്തിക സൃഷ്ടിക്കാമെന്ന ധനവകുപ്പ് തീരുമാനമാണ് ആരോഗ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നുള്ള 34 ഡോക്ടർമാരെ ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാമെന്നായിരുന്നു ധനമന്ത്രിയുടെ നിലപാട്. ചീഫ് സെക്രട്ടറിയെ നിയോഗിച്ചെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാൽ പരിഹാരം നീളുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക.
Adjust Story Font
16

