മഴക്കെടുതി: സംസ്ഥാനത്ത് കനത്ത നാശനഷ്ടം; കാസർകോട്ട് പുഴകൾ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി
ഇടുക്കിയില്‍ 285.13 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ നശിച്ചു

തിരുവനന്തപുരം: ശക്തമായ മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടം. കനത്ത മഴയിൽ കാസർകോട്ടെ പുഴകൾ കരകവിഞ്ഞു.മഞ്ചേശ്വരം പാവൂർ, ഗെറുകട്ടെ, മച്ചമ്പാടിയിലും എരിയാലിലും നിരവധി വീടുകൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
കൊല്ലം ചാത്തന്നൂരിൽ ദേശീയ പാതയിൽ മരം കടപുഴകി സമീപത്തെ കടയ്ക്ക് മുകളിലേക്ക് ചാഞ്ഞു. മൈനാഗപ്പള്ളിയിൽ ഇരുനില കെട്ടിടം ഇടിഞ്ഞു താഴ്ന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.നേര്യമംഗലം വില്ലാഞ്ചിറ ഭാഗത്താണ് വീണ്ടും മണ്ണിടിഞ്ഞു. കഴിഞ്ഞയാഴ്ച മണ്ണിടിഞ്ഞതിന്റെ സമീപത്താണ് അപകടം നടന്നത്.
കൊല്ലം അഞ്ചലിൽ കടകളുടെ ബോർഡുകൾ നിലംപൊത്തി. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ബോർഡ് വീണ് ചില്ല് തകർന്നു. പുത്തൂർ ചീരങ്കാവ് റൂട്ടിൽ ഇലവൻ കെ.വി ലൈൻ പോകുന്ന പോസ്റ്റ് റോഡിൽ മറിഞ്ഞു.
തിരുവനന്തപുരത്ത് കനത്ത മഴയിൽ വീട് തകർന്നു. ചെമ്പഴന്തി ആനന്ദേശ്വരം സ്വദേശി പി അനിലിന്റെ വീടാണ് തകർന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
കനത്ത കാറ്റിലും മഴയിലും ഇടുക്കിയില്‍ വ്യാപക കൃഷിനാശം. ജില്ലയിൽ 4.35 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നാണ് കണക്ക്. 112 വീടുകൾക്കും നാശനഷ്ടമുണ്ടായി. വിത്യസ്ത അപകടങ്ങളിൽ മൂന്ന് പേരാണ് മരിച്ചത്.
മരം വീണ് തോട്ടം തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശി, മാലതി, തമിഴ്നാട് സ്വദേശി എലിസബത്ത്, ലോറിയിലെ ക്ലീനറായ കോട്ടയം കുറിച്ചി സ്വദേശി ശ്രീജിത്ത് എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
കഴിഞ്ഞ ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും 285.13 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകളാണ് നശിച്ചത്. 2520 കര്‍ഷകരുടെ കൃഷി നശിച്ചതിലൂടെ 4.35 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കൃഷി വകുപ്പിൻ്റെ കണക്ക്. വാഴ, ഏലം, കുരുമുളക്,റബര്‍,കൊക്കോ എന്നിവയാണ് കൂടുതലായും നശിച്ചത്.
മഴക്കെടുതിയിൽ ജില്ലയില്‍ 112 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഒൻപത് വീടുകൾ പൂര്‍ണ്ണമായും 103 വീടുകൾ ഭാഗികമായും തകര്‍ന്നു. അപകട സാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി മലങ്കര, കല്ലാർകുട്ടി,പാംബ്ല,പൊന്മുടി ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.
ചെറുഡാമുകളിൽ ജലനിരപ്പുയർന്നെങ്കിലും ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. മലയോര മേഖലകളിലെ രാത്രി യാത്ര പൂർണമായും നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പ്രവർത്തനാനുമതിയില്ല. മഴമുന്നറിയിപ്പ് നീങ്ങും വരെ തൊഴിലുറപ്പ് ,തോട്ടം മേഖല ഉൾപ്പെടെയുള്ള പുറംജോലികളും നിരോധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.
Adjust Story Font
16

