കനത്ത മഴ; വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം
കാസർകോട് മധൂരിൽ ഒഴുക്കിൽപെട്ട് യുവാവ് മരിച്ചു

കണ്ണൂർ: വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുന്നു. കാസർകോട് മധൂരിൽ ഒഴുക്കിൽപെട്ട് യുവാവ് മരിച്ചു. കണ്ണൂർ തലശേരി പാട്യത്ത് വയോധികയെ കാണാതായി. കനത്തമഴയിൽ നിരവധി വീടുകള്‍ തകർന്നു.
വടക്കൻ കേരളത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. കാസർകോട് മധൂരിൽ കളനാട് സ്വദേശി സാദിഖാണ് ഒഴുക്കിൽപെട്ട് മരിച്ചത്. പുഴകൾ കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് കാസർകോട് മഞ്ചേശ്വരം ഗെറുകട്ടയിലും എരിയാലിലും വീടുകൾ വെള്ളത്തിനടിയിലായി. കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് കാസർകോട് തെക്കിൽ ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു. കാഞ്ഞങ്ങാട് ചന്ദ്രഗിരി റോഡിലും മലയോര ഹൈവേയിൽ നന്ദാരപ്പദവ് - ചേവാർ റൂട്ടിലും മണ്ണിടിച്ചിലുണ്ടായി.
കണ്ണൂരിലും കോർപ്പറേഷൻ പരിധിയിൽ വെള്ളക്കെട്ടിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. വളപട്ടണത്ത് മണ്ണിടിഞ്ഞ് വീടിന്റെ ഭിത്തി തകർന്നു. കണ്ണൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിൽ വെള്ളം കയറി പരിസരം പൂർണമായി വെള്ളത്തിൽ മുങ്ങി. കണ്ണൂർ തലശേരി പാട്യത്ത് ഒഴുക്കിൽപ്പെട്ട് 70 വയസ്സുള്ള മുതിയങ്ങ സ്വദേശി നളിനിയെ കാണാതായി.
കോഴിക്കോട് കക്കയം ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി പുഴയുടെ തീരത്ത് ജാഗ്രത നിർദേശം നൽകി. ബാലുശ്ശേരി കോട്ടൂരിൽ വീട് തകർന്നു. തലയാട് - കക്കയം മലയോര ഹൈവേയിൽ മണ്ണിടിഞ്ഞു. നാദാപുരം തലശ്ശേരി സംസ്ഥാന പാതയിൽ തണൽ മരം കടപുഴകി വീണ് 10ലേറെ ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു. വൈദ്യുതി ലൈനുകൾക്കിടയിൽ പെട്ട് കാർ മറിഞ്ഞു.
Adjust Story Font
16

