Quantcast

കനത്ത മഴ: വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം; ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

നിലമ്പൂരിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2025-05-26 10:31:39.0

Published:

26 May 2025 2:35 PM IST

കനത്ത മഴ: വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം; ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
X

കോഴിക്കോട്: ശക്തമായ മഴയിൽ വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. മലപ്പുറം നിലമ്പൂരിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നെടുംപൊയിലിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് തലയാട് മലയോര ഹൈവേയുടെ പണി നടക്കുന്ന ഭാഗത്ത്‌ ശക്തമായ മണ്ണിടിച്ചിലുണ്ടായി.

കോഴിക്കോട് ബസ് സ്റ്റാൻഡ്, സ്റ്റേഡിയം ജംഗ്‌ഷൻ തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. തലയാട് മലയോര ഹൈവേയുടെ പണി നടക്കുന്ന പടിക്കൽ വയൽ മുതൽ 28-ാം മൈൽ വരെയുള്ള ഭാഗങ്ങളിൽ ഇന്നലെ രാത്രി തുടങ്ങിയ മണ്ണിടിച്ചിൽ തുടരുകയാണ്. റോഡ് പൂർണമായും തകർന്നതോടെ പ്രദേശത്ത് വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.

ചാലിയം കടുക്കബസാർ, കപ്പലങ്ങാടി തുടങ്ങിയ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിൽ തീരത്തെ വീടുകളിൽ വെള്ളം കയറി. ഉരുൾപൊട്ടൽ ഭീഷണിയുള്ള വിലങ്ങാട് മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പന്നിയേരി ഉന്നതിയിൽ നിന്നും കൂടുതൽ കുടുംബങ്ങളെ മാറ്റി. മഴക്കാലത്ത് ക്യാമ്പുകളിലേക്ക് മാറ്റുന്നതല്ലാതെ പുനരധിവാസം നടക്കുന്നില്ലെന്ന് ആരോപിച്ച് വിലങ്ങാട് ദുരന്തബാധിതർ വില്ലേജ് ഓഫീസ് ഉപരോധിച്ചു. വയനാട് സുൽത്താൻ ബത്തേരിയിൽ നൂൽപ്പുഴ പഴംകുനി ഉന്നതിയിലെ 15 പേരെ കല്ലൂർ ഹൈസ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.

മലപ്പുറം നിലമ്പൂർ വല്ലാപ്പുഴയിൽ മീൻപിടിക്കാൻ പോയ വല്ലാപ്പുഴ സ്വദേശി മനോലൻ റഷീദിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി പാലപ്പെട്ടി കാപ്പിരിക്കാട് കടൽക്ഷോഭത്തിൽ പള്ളികൾ തകർന്നു. കണ്ണൂർ നെടുംപൊയിലിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്കേറ്റു.

പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഷൊർണ്ണൂർ കൈലിയാട് കൂരിയാട്ട് പറമ്പിൽ മുബിൻ മുരളിയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചു. പാലക്കാടും വിവിധ ഇടങ്ങളിൽ മരം വീണ് അപകടമുണ്ടായി. കാക്കാത്തോട് പാലത്തിന് സാമാന്തരമായി നിർമിച്ച താത്കാലിക റോഡ് കനത്ത മഴയിൽ ഒലിച്ചു പോയി. പുഴകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story