മുഖ്യമന്ത്രിയുടെ പരിപാടികൾക്ക് കനത്ത സുരക്ഷ: പൊലീസ് നടപടിയിൽ വലഞ്ഞ് ജനം
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഒരുക്കിയത് ജനങ്ങളെ വലച്ചു. കോട്ടയം ജനറൽ ആശുപത്രിക്ക് മുമ്പിലെ റോഡിലെ ഗതാഗതം നിയന്ത്രിച്ചതിനെതിരെ പ്രതിഷേധമുയർന്നു. സുരക്ഷാവലയം ലംഘിച്ച് യുവമോർച്ചയും കോൺഗ്രസും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചോദിച്ചു.
മുന്നറിയിപ്പില്ലാതെയായിരുന്നു കോട്ടയത്ത് പോലീസിന്റെ നിയന്ത്രങ്ങണങ്ങൾ. നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്നും കെജിഒഎയുടെ സമ്മേളനം നടക്കുന്ന മാമൻ മാപ്പിള ഹാൾ വരെയുള്ള എല്ലാ റോഡുകളിലും രാവിലെ തന്നെ നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ജില്ല ആശുപത്രിക്ക് മുമ്പിൽ കെ.കെ റോഡിലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ രോഗികൾ അടക്കമുള്ളവർ വലഞ്ഞു. ഇതിനിടെ പരിപാടിയിലേക്കുള്ള യാത്രക്കിടെ മുഖ്യമന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ജില്ല പ്രസിഡന്റ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പരിപാടിയിൽ പങ്കെടുത്ത ശേഷം എറണാകുളത്തേക്ക് മടങ്ങവേ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസും കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. ജനങ്ങളെ വലച്ച് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതിനെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
Adjust Story Font
16

