കെഎസ്ആർടിസി ബസിലെ പ്ലാസ്റ്റിക് കുപ്പി വിവാദം: ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി
ന്യായമായ കാരണമില്ലാത്ത സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കേണ്ടി വരുമെന്നും നടപടി അമിതാധികാരപ്രയോഗം ആണെന്നും കോടതി വിമർശിച്ചു.

Photo| Special Arrangement
കൊച്ചി: ബസിൽ വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്ആർടിസിക്ക് തിരിച്ചടി. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണമില്ലാതെയാണ് സ്ഥലംമാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ന്യായമായ കാരണമില്ലാത്ത സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കേണ്ടി വരുമെന്നും നടപടി അമിതാധികാരപ്രയോഗം ആണെന്നും കോടതി വിമർശിച്ചു. ട്രാൻസ്ഫർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ജയ്മോൻ ജോസഫിനെ പൊൻകുന്നം ഡിപ്പോയിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും കെഎസ്ആർടിസിയോട് നിർദേശിച്ചു.
അച്ചടക്ക വിഷയം വന്നാൽ എപ്പോഴും സ്ഥലംമാറ്റുകയാണോ പരിഹാരം എന്നായിരുന്നു ഹൈക്കോടതി വാദത്തിനിടെ കെഎസ്ആർടിസിയോട് ഉന്നയിച്ച ചോദ്യം. സാക്ഷികളെ സ്വാധീനിക്കുകയോ മറ്റു സംഘർഷ സമാന സാഹചര്യം ഉണ്ടാവുകയോ ചെയ്യാത്തൊരു വിഷയത്തിൽ, വളരെ ദൂരെയുള്ള ഒരു ഡിപ്പോയിലേക്ക് ജീവനക്കാരനെ സ്ഥലംമാറ്റിയതിലും കോടതി കെഎസ്ആർടിസിയോട് ചോദ്യം ഉന്നയിച്ചിരുന്നു. ബസിൽ വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ദൂരേക്കുള്ള സ്ഥലംമാറ്റം എങ്ങനെ ആനുപാതികമാകുമെന്നും കോടതി ചോദിച്ചിരുന്നു.
Adjust Story Font
16

