പിതാവ് രോഗബാധിതൻ; സിപിഎം കൗൺസിലർ വി.കെ നിഷാദിന് പരോൾ അനുവദിച്ച് ഹൈക്കോടതി
പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലാണ് വി.കെ നിഷാദിനെ 20 വർഷത്തേക്ക് ശിക്ഷിച്ചത്
കൊച്ചി: പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം കൗൺസിലർ വി.കെ നിഷാദിന് പരോൾ അനുവദിച്ച് ഹൈക്കോടതി. ഏഴു ദിവസത്തേക്കാണ് നിലവിൽ പരോൾ അനുവദിച്ചത്. അച്ഛന്റെ അസുഖം പറഞ്ഞാണ് പരോളിനായി നിഷാദ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്നാഴ്ചയ്ക്ക് ഇടയിലെ രണ്ടാമത്തെ പരോളാണിത്.
പയ്യന്നൂരിൽ പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് വി.കെ നിഷാദ്. കഴിഞ്ഞമാസം 26ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഷാദിന് ആറ് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ പരോൾ അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പരോൾ കാലാവധി അവസാനിച്ചതോടെ ജയിൽ ഡിജിപി തന്നെ പരോൾ വീണ്ടും അനുവദിച്ചിരുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിഷാദ് പയ്യന്നൂർ മുനിസിപ്പാലിറ്റി മൊട്ടമ്മൽ വാർഡിൽ നിന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞ ചെയ്ത് കൗൺസിലറായി അധികാരമേൽക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്നാണ് പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി ആറ് ദിവസത്തെ പരോളിന് അനുമതി തേടിയത്.
Adjust Story Font
16

