'നാളെ താജ്മഹലും നിയമസഭാ മന്ദിരവും ഈ കോടതി കെട്ടിടം പോലും വഖഫ് ആകും'; മുനമ്പം കമീഷൻ കേസിൽ ഹൈക്കോടതി
മുനമ്പത്തേത് വഖഫ് അല്ലെന്ന് കോടതി നിരീക്ഷിച്ചു. മുമ്പത്തെ ഭൂമി ഫാറൂഖ് കോളജ് മാനേജ്മെന്റിന് സമ്മാനമായി നൽകിയതാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു

കൊച്ചി: ഏഴ് പതിറ്റാണ്ടായി ഫാറൂഖ് കോളജ് പോലും മുനമ്പം ഭൂമി വഖഫ് ആയി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി. ആരുടെയും ഭാഗത്ത് നിന്ന് ഗൗരവമായ ഒരു നടപടിയും ഉണ്ടായില്ല. വഖഫ് ആണെന്ന് അറിയാമെങ്കിൽ, ഏത് സമയത്തും രജിസ്റ്റർ ചെയ്യാൻ ആകില്ല. അത്തരം ഒരു വാദമുണ്ടെങ്കിൽ, ഉടനടി സമയബന്ധിതമായി രജിസ്ട്രേഷൻ ഉൾപ്പെടെ പൂർത്തിയാക്കി നടപടികൾ കൈക്കൊള്ളണമായിരുന്നു. മുനമ്പം ഭൂമി ഒരു ദാനമാണെന്ന് ഫാറൂഖ് കോളജിന് തന്നെ അറിയാമെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.
വഖഫ് ബോർഡിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഭൂമിയിൽ താമസിക്കുന്നവർ, ഭൂമി വാങ്ങിയവർ എന്നിവരുടെ അടിസ്ഥാന അവകാശങ്ങളെ ബോർഡ് ധിക്കാരപൂർവം അവഗണിച്ചു. ഇത്തരത്തിലുള്ള ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിൽ കോടതി മുദ്ര പതിപ്പിച്ചാൽ അതായത് നിയമസാധുത നൽകിയാൽ, ഏത് ഭൂമിയും കെട്ടിടവും ഭാവിയിൽ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരും. താജ്മഹൽ, ചെങ്കോട്ട, നിയമസഭാ മന്ദിരം, എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകൾ ചൂണ്ടിക്കാണിച്ച് വഖഫ് ആകും. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇത്രയും കാലതാമസത്തോടെയുള്ള സാങ്കല്പികമായ അധികാരപ്രയോഗം കോടതി അനുവദിക്കില്ല. ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുനമ്പത്തേത് വഖഫ് അല്ലെന്ന് കോടതി നിരീക്ഷിച്ചു. മുമ്പത്തെ ഭൂമി ഫാറൂഖ് കോളജ് മാനേജ്മെന്റിന് സമ്മാനമായി നൽകിയതാണ്. മുനമ്പം ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് ഉത്തരവ് ഭൂമി തട്ടിയെടുക്കാനാണെന്നും കോടതി പറഞ്ഞു. മുനമ്പം വിഷയം പഠിക്കാനായി സർക്കാർ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ കമ്മീഷനായി നിയോഗിച്ചിരുന്നു. ഇതിന് നിയമസാധുതയില്ല എന്ന ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിശോധിക്കുന്നത്. നേരത്തെ കമ്മീഷന് നിയമസാധുതയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ അംഗീകരിച്ച് ഡിവിഷൻ ബെഞ്ച് കമ്മീഷന് പ്രവർത്തനം തുടരാമെെന്ന് വ്യക്തമാക്കി.
Adjust Story Font
16

