Quantcast

ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ടെന്ന് ഹൈക്കോടതി; 'അവ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങൾ'

പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാൻ ശ്രമിച്ചതെന്നും ഇത് ക്ഷേത്രത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-09-13 16:49:51.0

Published:

13 Sep 2023 4:27 PM GMT

High Court says no saffron flag in temple premises
X

കൊച്ചി: ക്ഷേത്രത്തിലും പരിസരത്തും കാവിക്കൊടി സ്ഥാപിക്കാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കൊല്ലം മുതുപിലാക്കാട് ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ കാവിക്കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്നും രാഷ്ട്രീയ കരുനീക്കങ്ങൾക്കുപയോ​ഗിക്കരുതെന്നും കോടതി വ്യക്തമാക്കി.

പാർഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവർത്തകരെ ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നതിനെ ചിലർ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ചിലർ തടഞ്ഞെന്നും ആരാധന തടസപെടുത്തിയെന്നും അതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നും അവർ കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചതിലൂടെ പ്രദേശത്ത് നിരവധി തവണ സംഘർഷമുണ്ടായിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാൻ ശ്രമിച്ചതെന്നും ഇത് ക്ഷേത്രത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ഹരജിക്കാരിൽ രണ്ടാമത്തെയാൾ നരഹത്യാ ശ്രമം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണ്.

കൂടാതെ ബാനറും പതാകകളും കാണിക്കവഞ്ചിക്ക് 100 മീറ്റർ പരിസരത്ത് പാടില്ലെന്ന് നേരത്തെ ക്ഷേത്ര ഭരണസമിതി ഉത്തരവിറക്കിയിരുന്നു. ഇത്തരം പതാകകൾ നീക്കം ചെയ്യാൻ ഹൈക്കോടതി തന്നെ മുൻപ് പൊലീസിന് നിർദേശം നൽകിയിരുന്നതാണെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് ഹരജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്നും ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളിയത്.

രാഷ്ട്രീയ ഇടപെടലുകൾ നടത്തി ക്ഷേത്രങ്ങളുടെ പവിത്രത കളയരുതെന്നും കോടതി നിർദേശിച്ചു. രാഷ്ട്രീയ കരുനീക്കങ്ങൾ നടത്താനുള്ള വേദിയായി ക്ഷേത്രങ്ങളെ കണക്കാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരുടെ പ്രവൃത്തികൾ ക്ഷേത്രത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുന്നതാണെന്നും ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് രാജാ വിജയരാഘവനാണ് ഹരജി തള്ളിയത്.

TAGS :

Next Story