Quantcast

മരംകൊള്ള അന്വേഷണത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി

'പട്ടയഭൂമിയിലെ മരംമുറിയിൽ മാത്രം അന്വേഷണം ഒതുക്കരുത്'

MediaOne Logo

Web Desk

  • Published:

    1 Sep 2021 12:01 PM GMT

മരംകൊള്ള അന്വേഷണത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി
X

മരംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി. പട്ടയഭൂമിയിലെ മരംമുറിയിൽ മാത്രം അന്വേഷണം ഒതുക്കരുത്. സർക്കാർ ഭൂമിയിലെയും വനഭൂമിയിലെയും മരങ്ങൾ മുറിച്ച് കടത്തിയതും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണം. മരം കൊള്ളയ്ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസുകളിൽ സിബിഐ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു. മുട്ടിൽ മരംമുറി ഉൾപ്പെടെയുള്ള കേസുകളിൽ നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് കോടതി നിർദേശിച്ചു. പട്ടയഭൂമിയിലെ മരംമുറി കേസുകൾ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി ജോർജ് വട്ടുകളം നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് കോടതി തള്ളിയത്.

കേസുകളിൽ സമഗ്ര അന്വേഷണം നടക്കുന്നതിനാൽ സാവകാശം വേണ്ടിവരുമെന്നും അന്വേഷണം സിബിഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഇതിനിടെ മുട്ടിൽ മരം മുറിയിൽ കേസ് ഡയറി അടക്കമുള്ള രേഖകൾ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.

പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിർദേശം. സ്വന്തം പട്ടയ ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നാണ് പ്രതികളുടെ വാദം. എന്നാൽ മറ്റ് ഉമകളുടെ ഭൂമിയിൽ നിന്നും പ്രതികൾ മരം മുറിച്ചിട്ടുള്ളതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

TAGS :

Next Story