വേഗപ്പാത വേണമെന്ന കുറുക്കോളിയുടെ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ പരിഹാസം; അതിവേഗ റെയിൽപാതയിൽ തിരൂർ കഴിഞ്ഞാൽ സ്റ്റോപ്പ് മലപ്പുറത്ത്
2025 ജനുവരി 23നാണ് കുറുക്കോളി മൊയ്തീൻ തിരൂരിനെയും നിലമ്പൂരിനെയും ബന്ധിപ്പിക്കുന്ന രീതിയിൽ മലപ്പുറത്ത് അതിവേഗപ്പാത വേണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചത്

- Updated:
2026-01-31 15:45:38.0

കോഴിക്കോട്: ഒരു വർഷം മുമ്പാണ് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ നിയമസഭയിൽ ഒരു ശ്രദ്ധക്ഷണിക്കൽ നടത്തിയത്. തിരൂരിനെയും നിലമ്പൂരിനെയും ബന്ധിപ്പിക്കുന്ന രീതിയിൽ മലപ്പുറത്ത് ഒരു വേഗപ്പാത വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ പരിഹാസത്തോടെയായിരുന്നു മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞത്.
''ഒരു അംഗത്തിന് സഭയിൽ ഏത് കാര്യവും ഉന്നയിക്കാം. എന്നാൽ ഇത്തരം ചോദ്യങ്ങൾ അനുവദിക്കണോയെന്ന് ചെയറും നിയമസഭാ സെക്രട്ടേറിയറ്റും ആലോചിക്കണം. ഈ ഗവൺമെന്റായാലും ഏതെങ്കിലും കാലത്ത് മാറി വന്നാലും അടുത്ത ദശാബ്ദത്തിലൊന്നും സാധ്യമാകാത്ത കാര്യമാണ് പറഞ്ഞത്. ഒരു സർക്കാരിന്റെയും ആലോചനയിൽ ഇല്ലാത്ത കാര്യമാണിത്''- ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഈ സംഭവം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ഇ.ശ്രീധരൻ അതിവേഗ റെയിൽപാത സംബന്ധിച്ച് രൂപരേഖ മുന്നോട്ടുവെക്കുന്നു. അതിൽ തിരൂർ- മലപ്പുറം- കരിപ്പൂർ എയർപോർട്ട് എന്നിങ്ങനെയാണ് പാതയുടെ സ്റ്റോപ്പ് വരുന്നത്. കുറുക്കോളി ആവശ്യപ്പെട്ട കാര്യമാണ് ഇപ്പോൾ ഇ.ശ്രീധരന്റെ പദ്ധതിയിൽ വരുന്നത്.
1993ൽ മലപ്പുറം ജില്ലയുടെ 25-ാം വാർഷികം ആഘോഷിച്ച വേളയിൽ തന്നെ താൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്ന് കുറുക്കോളി മൊയ്തീൻ പറഞ്ഞു. ഏത്ര വൈകിയാലും ഇത് പാത യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16
