ചരിത്രകാരൻ എം.ജി.എസ് നാരായണൻ അന്തരിച്ചു
ഇന്ന് രാവിലെ 9.42ന് വീട്ടിലായിരുന്നു അന്ത്യം

കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ എം.ജി.എസ് നാരായണൻ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാവിലെ 9.42ന് വീട്ടിലായിരുന്നു അന്ത്യം .കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 1932 ആഗസ്റ്റ് 20ന് പൊന്നാനിയിലാണ് എം.ജി.എസ് ജനിച്ചത്. മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്നാണ് മുഴുവന്‍ പേര് .
പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്ക്കൂൾ പഠനവും പൂർത്തിയാക്കി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും ഫാറൂഖ് കോളജിലും തൃശൂർ കേരളവർമ കോളജിലും മദ്രാസ് ക്രിസ്ത്യൻ കോളജിലുമായിരുന്നു ഉന്നത ബിരുദ പഠനം പൂർത്തിയാക്കിയത്. ഒന്നാം റാങ്കോടെയായിരുന്നു എം.ജി.എസ് ചരിത്രത്തിൽ മാസ്റ്റർ ബിരുദം നേടിയത്. 22 വയസിലാണ് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
1973ൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി. 1992ൽ വിരമിക്കുന്നതുവരെ കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വകുപ്പിന്റെ തലവനുമായി. 1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർവാഹക സമിതി അംഗമായി. ചരിത്രഗവേഷണകൗൺസിൽ അധ്യക്ഷനായും പ്രവർത്തിച്ചു. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്നു.കാലിക്കറ്റ് സർവകലാശാല ചിത്രവിഭാഗം മേധാവിയുമായിരുന്നു.
ഇന്ത്യൻ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങൾ, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ, കോഴിക്കോടിന്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും, ജനാധിപത്യവും കമ്യൂണിസവും, പെരുമാൾസ് ഓഫ് കേരള (ഇംഗ്ലീഷ്) തുടങ്ങിയവാണ് എം.ജി.എസിന്റെ പ്രധാന കൃതികള്‍.
ഭാര്യ പ്രേമലതക്കൊപ്പം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ മൈത്രിയിലാണ് താമസം. വിജയ് കുമാർ (റിട്ട. എയർഫോഴ്സ്), വിനയ മനോജ് (നർത്തകി) എന്നിവരാണ് മക്കൾ.
updating
വീഡിയോ റിപ്പോര്‍ട്ട് കാണാം...
Adjust Story Font
16

