Quantcast

കനത്ത മഴ: 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

MediaOne Logo

Web Desk

  • Updated:

    2022-08-04 14:52:59.0

Published:

4 Aug 2022 12:56 PM GMT

കനത്ത മഴ: 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
X

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്ത് 5) അവധി പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നാളെ നടക്കേണ്ട എം.ജി സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

പാലക്കാട് ജില്ലയില്‍ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു.അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്‍റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് ഇടുക്കി, തൃശൂര്‍ കളക്ടര്‍മാര്‍ പറഞ്ഞു.

ആലപ്പുഴ കളക്ടര്‍ അവധി പ്രഖ്യാപിച്ചതിങ്ങനെ- "പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ... മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ മാമന്‍".

തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ന്യൂനമർദം രൂപപ്പെട്ടേക്കും. ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 21 ആയി.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച അതിതീവ്ര മഴ മധ്യകേരളത്തില്‍ ഇന്നും തുടര്‍ന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. പത്തനംതിട്ട മുതല്‍ പാലക്കാട് വരെയും കണ്ണൂര്‍ ജില്ലയിലുമാണ് ഇന്ന് റെഡ് അലര്‍ട്ടുള്ളത്. അറബിക്കടലില്‍ ശക്തിയാര്‍ജിച്ച കാറ്റ് രാത്രിയോടെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നത്. കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് പെട്ടെന്നാണെന്നും വലിയ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു.

പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളില്‍ റെഡ് അലർട്ടുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കാസര്‍കോടും ചാവക്കാടും കഴിഞ്ഞ ദിവസം കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മഴക്കെടുതിയില്‍ ആകെ മരണം 21 ആയി.

TAGS :

Next Story