അവധിക്കാല പഠന പിന്തുണ ക്ലാസുകളുടെ സമയം പുനഃക്രമീകരിക്കും
നാളെ മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നതെന്നിരിക്കെ ഇന്ന് വൈകിട്ടോടെയാണ് സമയമാറ്റം അധ്യാപകരെ അറിയിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അവധിക്കാലത്തെ പഠന പിന്തുണ ക്ലാസുകളുടെ സമയം പുനഃക്രമീകരിക്കും. രാവിലെ 7.30 മുതൽ 10.30 വരെ ആയാണ് പുനഃക്രമീകരിക്കുക. നാളെ മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നതെന്നിരിക്കെ ഇന്ന് വൈകിട്ടോടെയാണ് സമയമാറ്റം അധ്യാപകരെ അറിയിച്ചത്.
10.30ന് ശേഷം ക്ലാസുകൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസുകളുടെ സമയം പുനഃക്രമീകരിക്കാനുള്ള തീരുമാനം. 9.30 മുതൽ 11.30 വരെയായിരുന്നു നേരത്തെ സമയം നിശ്ചയിച്ചിരുന്നത്. പിടിഎ പിന്തുണയോടെ ക്ലാസുകൾ നടത്തുമെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ വിശദീകരണം.
അഞ്ചു മുതൽ ഒൻപതുവരെയുള്ള ക്ലാസുകളിൽ വിജയിക്കാനുള്ള മാർക്ക് നേടാത്ത വിദ്യാർഥികൾക്ക് കൂടുതൽ പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെയാണ് അവധിക്കാല പഠന പിന്തുണ ക്ലാസുകൾ പ്രഖ്യാപിച്ചത്. അവധിക്കാല ക്ലാസുകളൊന്നും തന്നെ നടത്താൻ പാടില്ലായെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ തീരുമാനം മറികടന്നായിരുന്നു ഈ തീരുമാനം.
Adjust Story Font
16

