സമുദായങ്ങൾക്ക് എത്ര സ്ഥാപനങ്ങൾ നൽകി? സർക്കാർ ധവളപത്രം ഇറക്കണമെന്ന് ഖലീൽ ബുഖാരി തങ്ങൾ
'വെള്ളാപ്പള്ളിയുടെ പരാമർശങ്ങളിൽ മറുപടി പറയേണ്ടത് രാഷ്ട്രീയ പാർട്ടികളാണ്'.

കണ്ണൂർ: സമുദായങ്ങൾക്ക് നൽകിയ സ്ഥാപനങ്ങൾ സംബന്ധിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ. അങ്ങനെ ചെയ്താൽ അതിന്റെ യഥാർഥ കണക്ക് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപിക്ക് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നില്ലെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിലാണ് ഖലീൽ ബുഖാരി തങ്ങളുടെ പ്രതികരണം.
വെള്ളാപ്പള്ളിയുടെ പരാമർശങ്ങളിൽ മറുപടി പറയേണ്ടത് രാഷ്ട്രീയ പാർട്ടികളാണ്. ഏതെങ്കിലും സമുദായങ്ങൾക്ക് അനർഹമായി കിട്ടിയിട്ടുണ്ടോ എന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഏതൊക്കെ സമുദായങ്ങൾക്ക് എത്ര വീതം കിട്ടിയെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതിലും ഖലീൽ ബുഖാരി തങ്ങൾ പ്രതികരിച്ചു. ഒരു മാധ്യമപ്രവർത്തകനെയും തീവ്രവാദിയെന്ന് വിളിക്കാൻ പാടില്ല. മാധ്യമപ്രവർത്തകർ നാടിന്റെ നെടുംതൂണുകളാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെയാണ് വിമർശനം. അതേസമയം, സമസ്തയിൽ രണ്ടു പക്ഷങ്ങൾ തമ്മിൽ അകലം കുറഞ്ഞുവരികയാണെന്നും അടുത്തകാലത്ത് തന്നെ ഐക്യം ഉണ്ടാവുമെന്നാണ് വിശ്വാസമെന്നും ഖലീൽ ബുഖാരി തങ്ങൾ കൂട്ടിച്ചേർത്തു.
മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും അവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. അവിടെ പിന്നാക്ക വിഭാഗം സംഘടിച്ച് വോട്ടുബാങ്കായി നിൽക്കാത്തതാണ് അവഗണനയുടെ കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടന്ന എസ്എന്‍ഡിപി സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Adjust Story Font
16

