Quantcast

കേബിളിൽ കുരുങ്ങി അപകടം: വിദഗ്ധ സമിതി റിപ്പോർട്ടിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വിദഗ്ദ്ധ സമിതി രൂപീകരിച്ച് വിഷയം പഠിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഊർജ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി

MediaOne Logo

Web Desk

  • Published:

    14 Jan 2026 8:39 PM IST

കേബിളിൽ കുരുങ്ങി അപകടം: വിദഗ്ധ സമിതി റിപ്പോർട്ടിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ
X

എറണാകുളം: റോഡിൽ താഴ്ന്നുകിടക്കുന്ന കേബിളിൽ കുരുങ്ങി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സ്ഥിരമായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി, വൈദ്യുതിവകുപ്പിന് നൽകിയ റിപ്പോർട്ടിൽ ആറ് ആഴ്ചക്കകം സർക്കാർ അന്തിമതീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

ഇക്കാര്യത്തിൽ ഇനിയും കാലതാമസം പാടില്ലെന്ന് വൈദ്യുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. അന്തിമ റിപ്പോർട്ട് സർക്കാർ കമ്മീഷനിൽ സമർപ്പിക്കണം. കളമശേരി ഇഖറ മസ്ജിദ് ഇമാം അബ്ദുൾ അസീസ് ഓടിച്ച ബൈക്ക് 2024 ഓഗസ്റ്റ് 20 ന് കേബിളിൽ കുരുങ്ങി അപകടത്തിൽപെട്ടതിന്റെയും സമാന സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വിദഗ്ദ്ധ സമിതി രൂപീകരിച്ച് വിഷയം പഠിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഊർജ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 ന് ജി.ഒ. 181/2025 നമ്പറായി കെ എസ് ഇ ബി സുരക്ഷാവിഭാഗം ഡയറക്ടറുടെ അധ്യക്ഷതയിൽ സർക്കാർ അഞ്ചംഗ കമ്മറ്റി രൂപീകരിച്ച് ഉത്തരവിറക്കി. ഇതിൽ ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ രൂപക്, ട്രാഫിക് എസ്. പി, ട്രാഫിക് സൗത്ത് എസ്.പി, തദ്ദേശസ്വയംഭരണ വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ.എസ്. രശ്മി എന്നിവർ അംഗങ്ങളായിരുന്നു.

കേബിൾ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള 9 നിർദ്ദേശങ്ങൾ കമ്മറ്റി സർക്കാരിന് സമർപ്പിച്ചു. തുടർന്ന് ഊർജ വകുപ്പ് ജോയിന്റ് സെക്രട്ടറി കമ്മീഷൻ സിറ്റിംഗിൽ ഹാജരായി. ഊർജ, നിയമ വകുപ്പ് ഉദ്യോഗസ്ഥർ ഉന്നത സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് സർക്കാരിന് നിയമപരമായ ശുപാർശകൾ സമർപ്പിക്കാൻ നിർദ്ദേശം നൽകിയതായി ജോയിന്റ് സെക്രട്ടറി അറിയിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കെ എസ് ഇ ബി, തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. മാർച്ചിൽ എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ സർക്കാർ തീരുമാനം അറിയിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.

TAGS :

Next Story