പാലക്കാട് യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു; പ്രതി അറസ്റ്റിൽ
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Photo| Special Arrangement
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കൽ വൈഷ്ണവി (26)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ദീക്ഷിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നു പറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു.
ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വൈഷ്ണവിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം ദീക്ഷിത്തിനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നര വർഷം മുമ്പ് 2024 മെയ് 24നായിരുന്നു വൈഷ്ണവിയും ദീക്ഷിത്തും തമ്മിലുള്ള വിവാഹം.
വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
Adjust Story Font
16

