Quantcast

'സ്വന്തം മോളെ പോലെയാണ് സോനയെ നോക്കിയത്, വീട്ടിൽ നിന്നാണ് ചെയ്തതെങ്കിൽ ഞങ്ങള് മൊത്തം പെട്ടേനേ'; ഭർത്താവിന്‍റെ പിതാവ്

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സോനയുടെ കുടുംബത്തിൽ നിന്നുള്ള ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും രജിന്‍ലാന്‍റെ കുടുംബം പറയുന്നു

MediaOne Logo

Web Desk

  • Published:

    20 May 2026 9:03 AM IST

സ്വന്തം മോളെ പോലെയാണ് സോനയെ നോക്കിയത്, വീട്ടിൽ നിന്നാണ് ചെയ്തതെങ്കിൽ ഞങ്ങള് മൊത്തം പെട്ടേനേ; ഭർത്താവിന്‍റെ പിതാവ്
X

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ് രജിൻലാലിന്റെ കുടുംബം രംഗത്ത്. മരിച്ച സോനയും ഭർത്താവ് രജിൻലാലും തമ്മിൽ യാതൊരുവിധ കുടുംബപ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് രജിൻലാലിന്റെ പിതാവ് മീഡിയവണിനോട് പറഞ്ഞു.

സോനയെ സ്വന്തം മകളെപ്പോലെയാണ് തങ്ങൾ നോക്കിയതെന്നും അവൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നുവെന്നും രജിൻലാലിന്‍റെ പിതാവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തെ വിവാഹജീവിതത്തിനിടയിൽ സോനയുടെ കുടുംബത്തിൽ നിന്നുള്ള ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇരുവരും തമ്മിൽ യാതൊരുവിധ അസ്വാരസ്യങ്ങളും ഉണ്ടായിരുന്നില്ല. ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും ഒന്നിച്ചാണ് സിനിമയ്ക്ക് പോയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോന പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എന്തിനാണ് അവൾ ഇത് ചെയ്തതെന്ന് തങ്ങൾക്കും അറിയേണ്ടതുണ്ട്. അവന്റെ ഭാഗത്ത് നിന്നാണോ അവളുടെ ഭാഗത്ത് നിന്നാണോ ചെയ്തതെന്ന് അറിയണം,വീട്ടിൽ നിന്നാണ് ചെയ്തതെങ്കിൽ ഞങ്ങള് മൊത്തം പെട്ടേനേ'-രജിൻലാലിന്റെ പിതാവ് പറഞ്ഞു.

സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് വ്യക്തമായ തെളിവുകളോടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യമെന്തെന്ന് പുറത്തുകൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ കാറിൽ പെട്രോളിയം ഉൽപ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിലാണ് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാറിൽ നിന്നും പെട്രോൾ ക്യാനിന്റേതെന്ന് സംശയിക്കുന്ന മൂടിയും പൊലീസ് കണ്ടെത്തി. കാറിന്റെ പുറംഭാഗത്ത് കാര്യമായ പരിക്കുകളില്ലാത്തതും ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതും ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ സൂചനകൾ ഇല്ലാത്തതും ആദ്യഘട്ടം മുതൽ തന്നെ പൊലീസിൽ സംശയം ജനിപ്പിച്ചിരുന്നു.

പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്തിയിട്ടില്ല. അപകടം നടന്ന പ്രദേശത്തിന് സമീപത്തുനിന്നും സോന കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തിൽ ആസൂത്രിതമായ തീവെപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് നിലവിൽ പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. വരും ദിവസങ്ങളിൽ സോനയുടെയും ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും.


TAGS :

Next Story