Quantcast

ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചത്, മത്സരിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനം: പി.വി അൻവർ

'ഘടകകക്ഷിയാക്കുകയാണെങ്കില്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളു'

MediaOne Logo

Web Desk

  • Updated:

    2025-05-29 15:07:14.0

Published:

29 May 2025 8:36 PM IST

ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചത്, മത്സരിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനം: പി.വി അൻവർ
X

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെന്ന് പി.വി അന്‍വര്‍. ഘടകകക്ഷിയാക്കുകയാണെങ്കില്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളൂവെന്നും ഘടകകക്ഷിയാക്കാന്‍ തടസ്സമെന്തെന്നും അന്‍വര്‍ ചോദിച്ചു.

ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പി.വി അൻവർ പറഞ്ഞു. യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ല. ഇനി രഹസ്യ ചർച്ചക്കില്ല. സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ മുന്നണിയിൽ എടുക്കുമെന്ന് എന്താണ് ഉറപ്പ്. ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് പറയാൻ കാരണങ്ങളുണ്ട്. അത് വിശദമായി നാളെ പറയാമെന്ന് അൻവർ കൂട്ടിച്ചേർത്തു.

തോൽവിയുണ്ടായാൽ താൻ കാല് വാരി എന്ന് എല്ലാവരും പറയും. അപ്പോൾ അത് തുറന്നു പറയേണ്ടത് തൻ്റെ ഉത്തരവാദിത്തം അല്ലേ. താൻ രാജി വെച്ച് യുഡിഎഫിന് ഒരു അവസരം കൊടുക്കുകയാണ് ചെയ്തത്. യുഡിഎഫ് അംഗം ആക്കിയിരുന്നെങ്കിൽ സ്ഥാനാർത്ഥി ആരാണെങ്കിലും താൻ പിന്തുണച്ചേനെ. ഏത് ചെകുത്താനും സ്ഥാനാർത്ഥി ആകട്ടെ എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ആര്യാടൻ ഷൗക്കത്ത് തൻ്റെ ശത്രുവല്ലെന്നും അൻവർ വ്യക്തമാക്കി.

യുഡിഎഫ് ചെയർമാന് ​ഗൂഢലക്ഷ്യമാണെന്നും തല്‍ക്കാലം നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പി.വി അൻവർ നേരത്തെ പറഞ്ഞിരുന്നു. 'യുഡിഎഫ് ചര്‍ച്ചയെക്കുറിച്ച് അറിയില്ല. യുഡിഎഫ് കണ്‍വീനര്‍ ബന്ധപ്പെട്ടിട്ടില്ല. തന്നെ ഒതുക്കലാണോ യുഡിഎഫ് ചെയർമാന്റെ ലക്ഷ്യം. അസോസിയേറ്റ് മെമ്പര്‍ഷിപ്പ് താന്‍ അംഗീകരിച്ചിട്ടും പ്രഖ്യാപിക്കാന്‍ സതീശന്‍ വൈകിപ്പിച്ചു. പി.വി അൻവറുമായി കൂടിക്കാഴ്ച നടത്തിയാൽ യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന് കെസിയോട് സതീശൻ പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ 7.45 വരെ കോഴിക്കോട് കെസിയെ കാണാൻ കാത്തിരുന്നു തല്‍ക്കാലം നയം വ്യക്തമാക്കാന്‍ തീരുമാനിച്ചിട്ടില്ല. എനിക്ക് വേണ്ടി ഇനി ആരുടെയും കാലുപിടിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞിട്ടുണ്ട്. ഇനി പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്'- പി.വി അൻവർ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇനി യുഡിഎഫിന്‍റെ ഭാഗമാകാൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ടിഎംസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.എ സുകു മീഡിയവണിനോട് പറഞ്ഞിരുന്നു.

TAGS :

Next Story