Quantcast

എല്ലാ മേഖലയിലും ബി.ജെ.പിയുമായി യോജിപ്പെങ്കിൽ ബി.ജെ.പി ആയാൽ പോരേ: തുഷാര്‍ വെള്ളാപ്പള്ളി

മീഡിയവൺ 'ദേശീയപാത'യിലായിരുന്നു തുഷാറിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    27 March 2024 12:13 PM IST

Thushar Vellapally
X

തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയം:കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പി.സി ജോർജിന് സ്വാധീനമുണ്ടോ എന്നറിയില്ലെന്ന് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. മീഡിയവൺ 'ദേശീയപാത'യിലായിരുന്നു തുഷാറിന്‍റെ പ്രതികരണം. എല്ലാ മേഖലയിലും ബി.ജെ.പിയുമായി യോജിപ്പെങ്കിൽ ബി.ജെ.പി ആയാൽ പോരേയെന്നും സിഎഎ നടപ്പാക്കേണ്ടത് തന്നെയെന്നും തുഷാർ പറഞ്ഞു.

വയനാട്ടില്‍ ഇത്തവണ കൂടുതല്‍ വോട്ട് കിട്ടും. കഴിഞ്ഞ പ്രാവശ്യത്തെ കാലാവസ്ഥയല്ലല്ലോ ഇന്ന്. അന്ന് രാഹുല്‍ ഗാന്ധി ജയിക്കും, ഇന്ത്യയുടെ പ്രധാനമന്ത്രിയാകും,ഇന്ത്യ കോണ്‍ഗ്രസാണ് ഭരിക്കുന്നത് തുടങ്ങി തരത്തിലുള്ള ഒരു ചിന്ത നിലനില്‍ക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.അന്നത്തെ കാലാവസ്ഥയെല്ലാം മാറി. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് സുരേന്ദ്രന്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും ഒരുപാട് അട്ടിമറി വിജയങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. പല സ്ഥലത്തും സീറ്റുകള്‍ കിട്ടില്ലെന്ന് പറഞ്ഞ സ്ഥലത്തെല്ലാം ജയിച്ചു. അതുകൊണ്ട് വയനാട്ടില്‍ ജയിക്കില്ലെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല.

കോട്ടയത്ത് എല്ലാ വിഭാഗത്തിന്‍റെയും പിന്തുണ ഞങ്ങള്‍ക്കുണ്ട്. 400 സീറ്റിലധികം നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആ സമയത്ത് എന്‍ഡിഎക്കൊപ്പം നില്‍ക്കുന്ന എം.പിയെ തെരഞ്ഞെടുക്കാനല്ലേ കോട്ടയത്തുകാര്‍ നോക്കൂ. പി.സി ജോര്‍ജ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കാത്തത് ഒരു പ്രശ്നമാകില്ല. ബി.ജെ.പിയുടെ നേതാക്കന്‍മാര്‍ ആരൊക്കെയാണെന്ന് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണല്ലോ? ഞങ്ങള്‍ ഘടകകക്ഷിയല്ലേ. ഞങ്ങടെ പാര്‍ട്ടിയില്‍ ആരെയെങ്കിലും മാറ്റിനിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് പറയാം. പി.സി ജോര്‍ജിന് മണ്ഡലത്തില്‍ സ്വാധീനമുണ്ടോ എന്നറിയില്ല. ഞാന്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയാണ്. അദ്ദേഹം ബി.ജെ.പിയിലെ ഒരു നേതാവാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പി.സി ജോര്‍ജുമായി ഒരു പിണക്കവുമില്ല.

ബി.ജെ.പിയുമായി യോജിപ്പുള്ള ഒരുപാട് കാര്യങ്ങളുണ്ട്. സിഎഎ ഇന്ത്യയില്‍ നടപ്പിലാക്കേണ്ടത് തന്നെയാണ് എന്താ സംശയം. ഈ പറയുന്ന പാകിസ്താനില്‍ ഏതെങ്കിലും ഇന്ത്യാക്കാരന് പോയിട്ട് പൗരത്വമില്ലാതെ ജീവിക്കാന്‍ പറ്റുമോ? ബംഗ്ലാദേശിലോ ദുബൈയിലോ പോയി ജീവിക്കാന്‍ പറ്റുമോ? അക്കൗണ്ടബലിറ്റി വേണ്ടേ? രാമക്ഷേത്രമെന്ന് പറയുന്നത് ഇന്ത്യയിലെ എല്ലാ ഹൈന്ദവന്‍റെയും വികാരമാണ്. അവിടെ പള്ളിക്ക് മുന്‍പ് ക്ഷേത്രമുണ്ടായിരുന്നല്ലോ.തൊട്ടപ്പുറത്ത് പള്ളി പണിയാനുള്ള സൗകര്യം കൊടുത്തിട്ടുണ്ട്. എല്ലാ വിഷയങ്ങളിലും ബി.ജെ.പിയോട് യോജിപ്പുണ്ടെങ്കില്‍ ഞങ്ങള്‍ ബി.ജെ.പിക്കാരായാല്‍ പോരെ. ഒരു ഘടകക്ഷിയായി നില്‍ക്കേണ്ട ആവശ്യമില്ലല്ലോ....തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.


TAGS :

Next Story