'കോൺഗ്രസിലേക്കില്ല, വി.ഡി സതീശന്‍റെ പുതുയുഗ യാത്രയിൽ പങ്കെടുക്കും'; എ.സുരേഷ്
പ്രതിപക്ഷ നേതാവ് ക്ഷണിച്ചിരുന്നു. രമേശ് ചെന്നിത്തലയും ക്ഷണിച്ചിരുന്നു

പാലക്കാട്: വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ.സുരേഷ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ പ്രയാസമില്ല. മലമ്പുഴയിൽ വി.എസിന്‍റെ മകൻ മത്സരിക്കാനെത്തിയാൽ തന്‍റെ തീരുമാനം പുനർചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഞാൻ കോൺഗ്രസിൽ ചേരില്ല, ഒരു പാര്‍ട്ടിയിലും ചേരില്ല. പുതുയുഗ യാത്രയിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് ക്ഷണിച്ചിരുന്നു. രമേശ് ചെന്നിത്തലയും ക്ഷണിച്ചിരുന്നു. എന്‍റെ സ്വതന്ത്ര നിലപാട് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നയാളാണ് ഞാൻ. കാരണം ഇടതുപക്ഷ മനസ് കേരളത്തിനുണ്ടാകണം. ഇടതുപക്ഷം ശോഷിക്കാൻ പാടില്ല. ഇടതുപക്ഷത്തിന് മൂല്യച്യുതി സംഭവിക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിനാളുകളിൽ ഒരാളാണ് ഞാൻ. ആ മൂല്യച്യുതി സംഭവിച്ചാൽ പാര്‍ട്ടിയുണ്ടാകും ജനങ്ങളുണ്ടാകില്ല.
സ്വഭാവികമായും പാര്‍ട്ടിക്ക് മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞതല്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയ കാര്യമാണ് ഞാൻ പറയുന്നത്. പാര്‍ട്ടിക്ക് ഒരുപാട് മൂല്യശോഷണം സംഭവിച്ചിട്ടുണ്ട്. സഖാക്കൾക്ക് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. തിരുത്തൽ പ്രക്രിയ നടക്കണമെന്ന് പറഞ്ഞത് ഞാനല്ല. ഇത്ര അവഗണന അനുഭവിക്കാൻ തക്ക ഞാൻ ചെയ്തിട്ടില്ല. 13 കൊല്ലമായിട്ട് ഞാൻ നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് എന്നെ പുറത്തുനിര്‍ത്തിയിരിക്കുന്നതെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
100 തവണ പരാതി നൽകിയാലും സുരേഷിനെ തിരിച്ചെടുക്കില്ലെന്ന എം. വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്നും സുരേഷ് പറഞ്ഞു . സിപിഎം നേതൃത്വവുമായി അകന്ന് നിൽക്കുന്ന മുൻ ചലചിത്ര അക്കാദമി ചെയർമാനും സിനിമാതാരവുമായ പ്രേംകുമാർ ഇന്ന് കോൺഗ്രസ് വേദിയിലെത്തും . കോട്ടയം നാഗമ്പടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സാംസ്കാര സാഹിതിയുടെ പരിപാടിയിലാണ് പ്രേംകുമാർ പങ്കെടുക്കുക. എ ഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാണ് പരിപാടി ഉദ്ഘാടനം ചെയ്യുക.
Adjust Story Font
16

