Quantcast

ജലം ഒഴുക്കിവിട്ടിട്ടും ഇടുക്കി ഡാമില്‍ ജലനിരപ്പ് കൂടി

മൂന്നാർ മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്താന്‍ തീരുമാനമായി.

MediaOne Logo

Web Desk

  • Updated:

    2021-10-21 01:17:10.0

Published:

21 Oct 2021 12:55 AM GMT

ജലം ഒഴുക്കിവിട്ടിട്ടും ഇടുക്കി ഡാമില്‍ ജലനിരപ്പ് കൂടി
X

ഇടുക്കിയില്‍ ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ജില്ലയില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി ഡാമില്‍ ജലം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് രാത്രിയോടെ കൂടി. മൂന്നാർ മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്താന്‍ തീരുമാനമായി.

ശക്തമായ മഴയാണ് ഇന്നലെ രാത്രി ഇടുക്കിയുടെ പല ഭാഗങ്ങളിലും പെയ്തത്. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും മഴ ശക്തമായിരുന്നു. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതാ നിർദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിർദേശം നല്‍കി.

ഒരു സെക്കന്‍റില്‍ ഒരു ലക്ഷം വെള്ളം തുറന്നുവിട്ടിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് രാത്രിയോടെ വീണ്ടും കൂടി. മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് കാരണം. ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുന്നുണ്ട്. മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്താന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. നിലവില്‍ 50 സെ.മീ തുറന്ന മൂന്ന് ഷട്ടറുകൾ 70 സെ.മീറ്ററിലേക്ക് ഉയർത്തും. മുതിരപ്പുഴയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

മൂന്നാർ ദേവികുളം അഞ്ചാംമൈലിൽ മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല, വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ജില്ലയില്‍ ഈ മാസം 24 വരെ രാത്രിയാത്രാ നിരോധനം നീട്ടിയിട്ടുണ്ട്.

TAGS :

Next Story