'മുന്നണി മാറ്റത്തെ എതിർത്തത് റോഷി അഗസ്റ്റിൻ': സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്
ശരിയായ നിലപാടെടുക്കാൻ പിൻബലം നൽകാനായെന്ന് സി.വി വർഗീസ്
ഇടുക്കി: കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തെ എതിർത്തത് റോഷി അഗസ്റ്റിൻ എന്ന് സ്ഥിരീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. ശരിയായ നിലപാടെടുക്കാൻ റോഷിക്ക് പിൻബലം നൽകാനായെന്ന് എന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി കമ്മിറ്റിയിൽ നടത്തിയ പ്രസംഗത്തിൻ്റെ ശബ്ദരേഖ പുറത്ത്. ഇത് രാഷ്ട്രീയനേട്ടമാണെന്നും സി.വി വർഗീസ്. ഇതോടെ റോഷിയെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന വികാരത്തിലേക്ക് സഖാക്കളെത്തി. അങ്ങനെ എത്താത്ത ചിലരുണ്ടെന്നും അവരെ പിന്നീട് കാണാം എന്നും ശബ്ദരേഖയിൽ.
കേരളാ കോൺഗ്രസ് മുന്നണി മാറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. മുന്നണി മാറ്റ ചർച്ചകൾ മുന്നണിക്ക് ഉള്ളിൽ പാർട്ടിയെ സംശയ നിഴലിലാക്കിയെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് കേരള കോൺഗ്രസിന്റെ യുഡിഎഫിലേക്ക് പോവാനുള്ള നീക്കത്തിന് തടയിട്ടതെന്ന വിവരവും പുറത്തുവന്നിരുന്നു.
കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഏതാനും മാസങ്ങളായി ശക്തമായിരുന്നു. യുഡിഎഫ് നേതൃത്വവുമായി ജോസ് കെ. മാണി ചർച്ച നടത്തി എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കേരള കോൺഗ്രസിൽ തർക്കം ഉടലെടുത്തത്. ജോസ് കെ മാണിയും മൂന്ന് എംഎൽഎമാരും യുഡിഎഫിലേക്ക് ചേക്കേറാമെന്ന നിലപാടിൽ തുടരുമ്പോൾ മുന്നണി മാറ്റ ചർച്ചകൾ തള്ളി റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ പിളർപ്പിന് സാധ്യതയെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിൻ്റെ പ്രതികരണം.
Adjust Story Font
16

