ഉത്തരേന്ത്യയിൽ ആരെങ്കിലും ക്രൈസ്തവ മതം സ്വീകരിച്ചാൽ മതമേലധ്യക്ഷൻമാരെ ജയിലിൽ അടക്കുന്നു: ബിഷപ്പ് ജോസഫ് പാംപ്ലാനി
ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിആവശ്യപ്പെട്ടു.

പാലക്കാട്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരെങ്കിലും ക്രൈസ്തവ മതം സ്വീകരിച്ചാൽ മതമേലധ്യക്ഷൻമാരെ ജാമ്യമില്ലാതെ ജയിലിൽ അടക്കുകയാണെന്നും ഇതിന് കോടതികളും സംരക്ഷണം നൽകുന്നുവെന്നും തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ഇത്തരത്തിൽ പല സംസ്ഥാനങ്ങളിലും നിയമമുണ്ടാക്കിവെച്ചിരിക്കുകയാണ്. ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാൻ ഭരണഘടന അവകാശം നൽകുന്ന രാജ്യത്താണ് ഇത്തരം നിയമമുണ്ടാക്കുകയും അതിന് കോടതികൾ സംരക്ഷണം നൽകുകയും ചെയ്യുന്നത്. സാമുദായിക ബോധം അതിജീവനത്തിന് അനിവാര്യമാണെന്നും ബിഷപ്പ് പറഞ്ഞു. പാലക്കാട് ചക്കാത്തറയിൽ കത്തോലിക്കാ കോൺഗ്രസ് 107-ാം ജന്മവാർഷികാഘോഷവും സാമുദായിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോൺഗ്രസ് ഒരു സമുദായത്തിനുവേണ്ടി സംസാരിച്ച സംഘടനയല്ല. സംഘടന നയിച്ച സമരങ്ങൾ ഒരു സമുദായത്തിനുവേണ്ടി മാത്രമായിരുന്നില്ല. എല്ലാ സമുദായവും വളരുമ്പോഴാണ് രാഷ്ട്രം ശക്തിപ്പെടുന്നത്. അപ്പോഴാണ് നമ്മുടെ സമുദായവും ശക്തി പ്രാപിക്കുന്നത് എന്നായിരുന്നു കത്തോലിക്കാ സഭയുടെ നിലപാട്. ഭരണഘടനാ നിർമാണസഭയിൽ ക്രൈസ്തവ സമുദായത്തിന് സംവരണം വഴിയല്ല സംരക്ഷണം വേണ്ടത് ന്യൂനപക്ഷമായ തങ്ങളുടെ സംരക്ഷണം ഇവിടത്തെ ഭൂരിപക്ഷ സമുദായമാണ് എന്ന നിലപാടാണ് സ്വീകരിച്ചത്. അത് ശരിയാണോ തെറ്റാണോ എന്നത് കാലം തീരുമാനിക്കട്ടെ എന്നും ബിഷപ്പ് പറഞ്ഞു.
നമ്മൾ എല്ലാവർക്കും വേണ്ടി സംസാരിച്ചപ്പോൾ നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായില്ല എന്നത് നമ്മൾ ചിന്തിക്കേണ്ട കാര്യമാണ്. ഭരണഘടന നൽകുന്ന അവകാശങ്ങൾ പോലും പച്ചയായി നിഷേധിക്കുന്ന കോടതി വിധികൾ ഈ സമുദായത്തിന് എതിരായ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരു ദലിതൻ ക്രിസ്ത്യാനിയായാൽ അവന്റെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടും എന്ന് നിയമമുള്ള നാടാണ് ഭാരതം. ഇത് നിസ്സാരമായ കാര്യമല്ല. ഭരണഘടന എല്ലാ പൗരൻമാർക്കും ഉറപ്പ് നൽകുന്ന അവകാശത്തിന്റെ നിഷേധമാണ് ഇത്.
വനസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ബിഷപ്പ് ഉന്നയിച്ചത്. ഡാമിന് ചുറ്റും ബഫർ സോണാക്കി നിയമം കൊണ്ടുവന്നു. അതിനെതിരെ കത്തോലിക്കാ കോൺഗ്രസ് പ്രതികരിച്ചപ്പോൾ അത് ഉദ്യോഗസ്ഥർ കൊണ്ടുവന്ന നിയമമാണ് എന്നാണ് സർക്കാർ പറയുന്നത്. ഒരു ബില്ല് വായിച്ചുനോക്കി തീരുമാനമെടുക്കാൻ കഴിയാത്തവരാണോ ഭരണനേതൃത്വത്തിലുള്ളതെന്ന് ബിഷപ്പ് ചോദിച്ചു.
ഒന്നാം പിണറായി സർക്കാരാണ് ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ ജെ.ബി കോശി കമ്മീഷനെ നിയമിച്ചത്. അഞ്ച് ലക്ഷത്തോളം നിവേദനങ്ങളാണ് കോശി കമ്മീഷന് ലഭിച്ചത്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും സർക്കാർ അതിൽ അടയിരിക്കുകയാണ്. ജെ.ബി കോശി കമ്മീഷൻ മുന്നോട്ടുവെച്ച 284 നിർദേശങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പാക്കിയെന്ന് നെഞ്ചത്ത് കൈവച്ചു പറയാൻ ആരെങ്കിലും തയ്യാറായാൽ അത് അംഗീകരിക്കാം. പാലോളി കമ്മീഷൻ റിപ്പോർട്ട് കോഴി അടയിരിക്കുന്ന സമയം പോലുമെടുക്കാതെ നടപ്പാക്കിയ മുന്നണിയുടെ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
Adjust Story Font
16

