ജയിലിൽ പോയാൽ ഖുർആൻ വായിച്ച് തീർക്കും, ഞാൻ ഈമാനുള്ള കമ്യൂണിസ്റ്റ്; എ.കെ ബാലൻ
ഇസ്‌ലാമിക പ്രഭാഷണം കേട്ടവനാണ് താൻ. മുസ്‌ലിംകൾക്കിടയിൽ ജീവിച്ചവനാണെന്നും എ.കെ ബാലൻ പറഞ്ഞു.

- Updated:
2026-01-10 12:05:44.0

പാലക്കാട്: മാനനഷ്ടക്കേസിൽ താൻ ജയിലിൽ പോയാൽ ഖുർആൻ പരിഭാഷ വായിച്ച് തീർക്കുമെന്നും താനൊരു ഈമാനുള്ള കമ്യൂണിസ്റ്റാണെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലൻ. മാറാട് കലാപം പരാമർശത്തിൽ ജമാഅത്തെ ഇസ്‌ലാമി മാനനഷ്ടക്കേസ് നൽകിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ.കെ ബാലൻ. ഖുർആൻ പരിഭാഷ ഉയർത്തിയാണ് ബാലന്റെ പ്രതികരണം.
'വയലിത്തറ മൗലവിയുടെ വഅ്ള് കേട്ടവനാണ് ഞാൻ. മൗലൂദും കുത്തുറാത്തീബും 5 നിസ്കാരങ്ങളുമുള്ള അന്തരീക്ഷത്തിൽ വളർന്നവനാണ് ഞാൻ. ഖുർആൻ എനിക്കിഷ്ടപ്പെട്ട ഒരു മതഗ്രന്ഥമാണ്. ഹൈക്കൽ എഴുതിയ ഇംഗ്ലീഷ് പരിഭാഷയുടെ മലയാള തർജമ ആർത്തിയോടെ വായിച്ചയാളാണ് ഞാൻ. മാനനഷ്ടക്കേസിൽ തന്നെ ശിക്ഷിച്ച് ജയിലാക്കുകയാണെങ്കിൽ ആദ്യം ചെയ്യുക ഖുർആൻ പരിഭാഷ വായിച്ചുതീർക്കുക എന്നതാണ്. ഞാനൊരു കപട വിശ്വാസിയല്ല. തൊഴിലാളി വർഗത്തോട് കൂറുള്ള വിശ്വാസിയാണ്. ഈമാനുള്ള ഒരു കമ്യൂണിസ്റ്റാണ്. എന്റെ ജീവിതത്തിൽ കാപട്യമില്ല'- ബാലൻ അവകാശപ്പെട്ടു.
തന്റെ മണ്ഡലത്തിൽ താൻ ശ്രദ്ധിച്ചതുപോലെ തന്നെ ന്യൂനപക്ഷങ്ങൾക്ക് നല്ല സ്വാധീനമുള്ള നാദാപുരത്തും വികസനം ചെയ്തെന്നും താനൊരു മുസ്‌ലിം വിരുദ്ധനാണെന്ന് ചിത്രീകരിക്കുമ്പോൾ ഈ ചരിത്രം ഓർക്കണമെന്നും ബാലൻ അഭിപ്രായപ്പെട്ടു. ലീഗുകാർ തൻ്റെ പേരിൽ റോഡിന് പേരിട്ടുണ്ട്. തൻ്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാറുണ്ട്. ഇസ്‌ലാമിക പ്രഭാഷണം കേട്ടവനാണ് താൻ. മുസ്‌ലിംകൾക്കിടയിൽ ജീവിച്ചവനാണെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.
മാറാട് കലാപത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിക്കാനും എ.കെ ബാലന്‍ തയാറായില്ല. ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസ് തനിക്ക് ലഭിച്ചെന്നും മാപ്പ് പറയാന്‍ മനസില്ലെന്നും ബാലന്‍ പറഞ്ഞു. തന്നെ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. നോട്ടീസില്‍ പറയുന്നത് വസ്തുതാവിരുദ്ധമാണെന്നും ജയിലില്‍ പോകേണ്ടി വന്നാല്‍ സന്തോഷപൂര്‍വം വിധി സ്വീകരിക്കുമെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പത്ത് പൈസ തന്റെ കൈയിൽ നിന്ന് കിട്ടുമെന്ന് ഓർക്കണ്ട. ദാരിദ്ര്യം ആണെങ്കിൽ പൈസ ഉണ്ടാക്കാനുള്ള വഴി താൻ പറഞ്ഞുകൊടുക്കാം. സിപിഎമ്മിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് വക്കീല്‍ നോട്ടീസ്. തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ബോധപൂര്‍വശ്രമമാണ് ഇതിലൂടെ നടന്നത്. പൊതുജീവിതത്തില്‍ ഇതുവരെ മതനിരപേക്ഷതയ്ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല. ഇന്നോളം ഫാസിസ്റ്റ് വിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്നും ബാലൻ അവകാശപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് സംഘടന എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ, സിവിൽ കേസുകൾ നൽകുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരവും നൽകണം. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മുസ്‌ലിം സംഘടനയ്ക്കെതിരെ വിദ്വേഷവും ഭീതിയും പടർത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ.കെ ബാലൻ്റെ ലക്ഷ്യമെന്നും ജമാഅത്തെ ഇസ്‌ലാമി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ അഡ്വക്കേറ്റ് അമീൻ ഹസൻ വഴിയാണ് എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ചത്.
Adjust Story Font
16
