സർക്കാർ നേട്ടം മറികടക്കാൻ യുഡിഎഫ്- ബിജെപി വർഗീയ ധ്രുവീകരണം; എൽഡിഎഫിന് വീഴ്ചയുണ്ടെങ്കിൽ തിരുത്തും: ടി.പി രാമകൃഷ്ണൻ
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപിത താത്പര്യക്കാർ എൽഡിഎഫിന് എതിരായി പ്രവർത്തിച്ചെന്നും ടി.പി രാമകൃഷ്ണൻ ആരോപിച്ചു.

തിരുവനന്തപുരം: സർക്കാർ നേട്ടങ്ങളെ മറികടക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും വർഗീയ ധ്രുവീകരണം നടത്തിയെന്നും ഇത്തരം കാരണങ്ങൾ തിരിച്ചടിക്ക് കാരണമായെന്നും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. അതിന് പല കാരണങ്ങൾ ഉണ്ടാകാം. അതെല്ലാം സൂക്ഷ്മതലത്തിൽ പരിശോധിക്കാനാണ് തീരുമാനമെന്നും ജനങ്ങളിലാണ് പരിശോധനയെന്നും ടി.പി രാമകൃഷ്ണൻ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ എൽഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ തെറ്റോ ഉണ്ടെങ്കിൽ തിരുത്തും. ചില പ്രധാന സൂചനകൾ കൂടി തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണ്. യുഡിഎഫ് തോൽക്കാൻ പാടില്ലെന്ന് വൈകാരികമായിത്തന്നെ അവർ പ്രചരിപ്പിച്ചു. യുഡിഎഫ് പരാജയപ്പെട്ടാൽ സംഘ്പരിവാർ ശക്തി പ്രാപിക്കുമെന്ന് പ്രചാരണം നടത്തി. ശബരിമല, വിഴിഞ്ഞ പുനരധിവാസം, ജെ.ബി കോശി റിപ്പോർട്ട് എന്നിവ യുഡിഎഫ് പ്രചാരണ ആയുധമാക്കി. സമ്പന്ന താത്പര്യം ഇടതുപക്ഷത്തിന് എതിരായിരുന്നു. അവരിലേക്ക് വേണ്ട രീതിയിൽ കടന്നുകയറാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപിത താത്പര്യക്കാർ എൽഡിഎഫിന് എതിരായി പ്രവർത്തിച്ചെന്നും ടി.പി രാമകൃഷ്ണൻ ആരോപിച്ചു. നല്ല ഐക്യത്തോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പ്രവണതകൾ ഉണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ. ലേബർ കോഡ് വിഷയത്തിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച നിലപാട് കണ്ടതാണ്. വേജ് ബോർഡ് നിയമം പാർലമെന്റിൽ വന്നപ്പോൾ എതിർത്തത് ഇടതുപക്ഷമാണെന്നും ഏതെങ്കിലും കോൺഗ്രസ് പ്രതിനിധി അത് ചെയ്യാൻ തയ്യാറായില്ലെന്നും ഇത് അവരുടെ നയം വ്യക്തമാക്കുന്നതായും എൽഡിഎഫ് കൺവീനർ.
കേരളത്തിൽ തൊഴിൽ യൂണിയൻ യോജിച്ച് സമരം നടത്താൻ തീരുമാനിച്ചപ്പോൾ കോൺഗ്രസ് സമ്മതിച്ചില്ലെന്നും ഐഎൻടിയുസിയെ രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് മുടക്കിയെന്നും ടി.പി രാമകൃഷ്ണൻ ആരോപിച്ചു. ഫെബ്രുവരി 12ന് രാജ്യവ്യാപക സമരം നടത്താൻ തീരുമാനിച്ചതായും ടി.പി രാമകൃഷ്ണൻ അറിയിച്ചു. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം.
കേരളത്തിൽ മൂന്ന് മേഖലകളായാണ് ജാഥ. വടക്കൻ മേഖലാ ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കും. 60 മണ്ഡലങ്ങളിലായിരിക്കും പ്രചാരണം. 47 മണ്ഡലങ്ങളിലൂടെയുള്ള തെക്കൻ മേഖലാ ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും 33 മണ്ഡലങ്ങളിലൂടെയുള്ള മധ്യമേഖലാ ജാഥ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയുമാണ് നയിക്കുക. ഓരോ നിയോജക മണ്ഡലങ്ങളിലും അനുബന്ധ ജാഥ നടക്കുമെന്നും എംഎൽഎമാർ നയിക്കുമെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. എംഎൽഎമാർ ഇല്ലാത്ത ഇടങ്ങളിൽ അവിടെയുള്ള പ്രധാന നേതാക്കാൾ ജാഥ നയിക്കും. വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെയുമാണ് പര്യടനമെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

