Quantcast

തിരക്കുപിടിച്ച് എസ്ഐആർ നടപ്പിലാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും; തെര. കമ്മീഷന്റേത് ബുദ്ധിരഹിതമായ നിലപാട്: സണ്ണി ജോസഫ്

മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സിപിഐ മന്ത്രിമാരുടെ തീരുമാനം നല്ല കാര്യമാണ്.

MediaOne Logo

Web Desk

  • Updated:

    2025-10-27 13:24:51.0

Published:

27 Oct 2025 5:40 PM IST

Implement SIR will cause hardship to the people Commissions stand is unwise Says Sunny Joseph
X

Photo| Special Arrangement

തിരുവനന്തപുരം: കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പിലാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തിരക്കുപിടിച്ച് എസ്ഐആർ നടപ്പിലാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും ധൃതിപിടിച്ച് നടത്താനുള്ള തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം തെരഞ്ഞെടുപ്പിലേക്ക് പോവുന്ന ഈ സമയത്ത് എസ്ഐആർ നടപ്പിലാക്കുന്നത് പ്രയാസകരമാണെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് കൊടുത്തതുമാണ്. കമ്മീഷൻ തീരുമാനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. നടപടി തിരുത്തണമെന്ന് വീണ്ടും ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യവ്യാപക എസ്ഐആർ ഇപ്പോൾ നടത്തുന്നതിൽ യാതൊരു വിധത്തിലുള്ള സദുദ്ദേശവും ഇല്ല. ബുദ്ധിരഹിതമായ നിലപാടാണിത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. സംസ്ഥാന ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കറിൻ്റെ കത്തിന് കേന്ദ്ര കമ്മീഷൻ പുല്ലുവിലയാണോ കൽപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പിഎം ശ്രീക്കെതിരായ സിപിഐ നിലപാടിനെ പിന്തുണച്ചും സണ്ണി ജോസഫ് രം​ഗത്തെത്തി. മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സിപിഐ മന്ത്രിമാരുടെ തീരുമാനം നല്ല കാര്യമാണ്. അക്കാര്യത്തിലെങ്കിലും അവർക്ക് ഉറച്ച നിലപാടുള്ളതിനെ സ്വാഗതം ചെയ്യുന്നു. ഇവിടംകൊണ്ട് മാത്രം സിപിഐ അവസാനിപ്പിക്കരുത്. പിഎം ശ്രീ ഒപ്പിട്ടെങ്കിലും നടപ്പിലാക്കില്ലെന്ന് പറയുന്നത് തട്ടിപ്പും വെട്ടിപ്പുമാണ്.

മന്ത്രി ശിവൻകുട്ടി ഉരുണ്ടുകളിക്കാൻ ശ്രമിക്കുകയാണെന്നും അതിൽ സിപിഐ വീഴുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുമോ എന്ന് ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സണ്ണി ജോസഫിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. മാധ്യമങ്ങൾ സ്വാഗതം ചെയ്യൂ എന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

TAGS :

Next Story