'നൽകിയ ഫണ്ടിൽ അപര്യാപ്തത'; അട്ടപ്പാടിയിൽ പണിതീരാതെ ആയിരത്തോളം വീടുകൾ
വിവിധ പദ്ധതികൾ വഴി നൽകിയ വീടുകളാണ് ഫണ്ടിന്റെ അപര്യാപ്തതമൂലം പാതിവഴിയിൽ പണി നിലച്ച് കിടക്കുന്നത്

Photo | MediaOne
പാലക്കാട്: പണിതീരാത്ത വീട് തകർന്ന് കുട്ടികൾ മരിച്ചതിന് പിന്നാലെ അട്ടപ്പാടിയിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അട്ടപ്പാടിയിൽ പണി തീരാതെ കിടക്കുന്ന ആയിരത്തോളം വീടുകളാണ് ഉള്ളത്. വിവിധ പദ്ധതികൾ വഴി നൽകിയ വീടുകളാണ് ഫണ്ടിന്റെ അപര്യാപ്തതമൂലം പാതിവഴിയിൽ പണിനിലച്ച് കിടക്കുന്നത്. ഐടിഡിപിയുടെ പദ്ധതിവഴി നൽകിയ വീടുകളാണ് കൂടുതലായും മുടങ്ങികിടക്കുന്നത്.
2016 മുതൽ ഐടിഡിപി വഴി നൽകിയ നിരവധി വീടുകളാണ് മേൽക്കൂരയില്ലാതെ ഈ രീതിയിൽ കഴിയുന്നത്. എടിഎസ്പി വഴി നൽകിയ വീടുകളും, ടിഎസ്പി വഴി നൽകിയ വീടുകളും പണി രീതിയിൽ പാതിവഴിയിൽ നിലച്ച് കിടക്കുകയാണ്. ഹഡ്ക്കോയിൽ നിന്നും ഐടിഡിപി വായ്പ എടുത്ത് നൽകിയ വീടുകളുടെ അവസ്ഥയും ഇതുതന്നെ. മിക്ക പദ്ധതികൾക്കും മൂന്നര ലക്ഷം രൂപയാണ് നൽകുന്നത്. ഇത് കൊണ്ട് പണി പൂർത്തീകരിക്കാൻ കഴിയില്ല. വിദൂരസ്ഥലങ്ങളിൽ നിന്നും സാധനങ്ങൾ എത്തിക്കാൻ തന്നെ വലിയ തുക ചിലവാകും.
ലൈഫ് പദ്ധതിയിൽ നിന്നും ആദ്യ ഘഡു ലഭിച്ചത് കൊണ്ട് തങ്ങൾക്ക് പണി ചെയ്യാൻ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം വീട് തകർന്ന് വീണ കുട്ടികളുടെ അമ്മ പറയുന്നു. പഴകിയ കെട്ടിടങ്ങൾ അട്ടപ്പാടിയിലെ മിക്ക ആദിവാസി ഉന്നതികളിലും സുരക്ഷ ഭീഷണി ഉയർത്തുന്നുണ്ട്. വിവിധ പദ്ധതികൾ വഴി ആദിവാസികളുടെ ഭവനനിർമ്മാണത്തിനായി കോടികൾ ചിലവഴിച്ചിട്ടും ആദിവാസികൾ ഭവന രഹിതരായി തുടരുകയാണ്. സർക്കാറിൻ്റെ പണം കൊണ്ട് ആർക്കും ഗുണമില്ലാത്ത അവസ്ഥയാണ് ഉള്ളത്. ആദിവാസി ഉന്നതികളുടെ സാഹചര്യം പരിഗണിച്ച് കൂടുതൽ ഫണ്ട് നൽകുകയാണ് പ്രശ്നത്തിന് പരിഹാരം.
Adjust Story Font
16

