Quantcast

വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ഇൻഡ്യ മുന്നണിയെയും ഉമ്മൻചാണ്ടിയെയും അപമാനിച്ചു; കെ. സുധാകരൻ

ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിൽ ഇരുത്തിയിട്ടും മുഖ്യമന്ത്രി പ്രതിഷേധിച്ചില്ലെന്ന് സുധാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-05-02 16:16:25.0

Published:

2 May 2025 6:23 PM IST

വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ഇൻഡ്യ മുന്നണിയെയും ഉമ്മൻചാണ്ടിയെയും അപമാനിച്ചു; കെ. സുധാകരൻ
X

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ഇൻഡ്യ മുന്നണിയെയും ഉമ്മൻചാണ്ടിയെയും അപമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഇൻഡ്യ മുന്നണിയെ പ്രധാനമന്ത്രിയും ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിൽ ഇരുത്തിയിട്ടും മുഖ്യമന്ത്രി പ്രതിഷേധിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ യഥാര്‍ത്ഥ ശില്പി ഉമ്മന്‍ ചാണ്ടിയുടെ പേരു പറയാന്‍ പിണറായി വിജയനു നാവുപൊന്തിയില്ല. 1996ലെ ഇടതുസര്‍ക്കാരാണ് വിഴിഞ്ഞം പദ്ധതിക്കു തുടക്കമിട്ടതെന്ന് പിണറായി ആവര്‍ത്തിച്ചു കള്ളം പറയുന്നു. 1990-95ലെ കെ. കരുണാകരന്‍, എ.കെ ആന്റണി സര്‍ക്കാരുകളുടെ കാലത്ത് തുറമുഖ മന്ത്രിയായിരുന്ന എം.വി രാഘവനിലാണ് തുടക്കംമെന്ന് സുധാകരൻ ചൂണ്ടിക്കാണിച്ചു.

ഉമ്മന്‍ ചാണ്ടി എല്ലാ പ്രക്രിയകളും സുതാര്യമായി പൂര്‍ത്തിയാക്കി 2015ല്‍ വച്ച കരാറില്‍ കുഴപ്പമുണ്ടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നു. ആ കരാര്‍ പ്രകാരം മുന്നോട്ടുപോയാണ് പിണറായി വിജയന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം വരെ നടത്തിയത്. പദ്ധതിയെ അട്ടിമറിക്കാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രക്ഷോഭം നയിക്കുകയും ചെയ്ത പിണറായി വിജയന്‍ തന്നെ വിഴിഞ്ഞം പദ്ധതിയുടെ കര്‍മയോഗിയും ശില്പിയുമായത് വിധിവൈപരീത്യമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

'അനേകം കേസുകളില്‍ കുടുക്കിയും റെയ്ഡുകള്‍ നടത്തിയും ലോക്‌സഭാംഗത്വം തന്നെ എടുത്തുകളഞ്ഞും ഇൻഡ്യ മുന്നണിയുടെ നെടുംതൂണ്‍ രാഹുല്‍ ഗാന്ധിയുടെ ഉറക്കംകെടുത്താന്‍ ശ്രമിച്ചിട്ട് ഉറക്കം നഷ്ടപ്പെട്ടത് മോദിയുടേതാണ്. രണ്ടു ഘടകകക്ഷികളുടെ ഊന്നുവടിയില്‍ തൂങ്ങിനിന്നു ഭരിക്കേണ്ട സാഹചര്യം മോദിക്ക് ഉണ്ടാക്കിയത് രാഹുല്‍ ഗാന്ധിയാണ്. രാജ്യത്ത് ഫാസിസത്തെയും ഏകാധിപത്യത്തെയും തടഞ്ഞുനിര്‍ത്തിയിരിക്കുന്നതും രാഹുല്‍ ഗാന്ധിയാണ്'- സുധാകരൻ പറഞ്ഞു.

TAGS :

Next Story