Quantcast

ശബരിമല സ്വർണക്കൊള്ള: ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

പ്രമുഖർ ഉൾപ്പെടെ കൂടുതൽ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകതയും എസ്ഐടി കോടതിയെ അറിയിക്കും.

MediaOne Logo

Web Desk

  • Published:

    3 Dec 2025 7:50 AM IST

Interim report to be submitted to High Court today in Sabarimala gold theft
X

കൊച്ചി/തിരുവനന്തപുരം: ​ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രതികളുടെ അറസ്റ്റും അന്വേഷണ പുരോഗതിയും ഉള്‍പ്പടെ ‍എസ്ഐടി ദേവസ്വം ബെഞ്ചിനെ അറിയിക്കും. പ്രമുഖർ ഉൾപ്പെടെ കൂടുതൽ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകതയും എസ്ഐടി കോടതിയെ അറിയിക്കും.

ആറാഴ്ചത്തെ സമയമാണ് കോടതി അന്വേഷണ സംഘത്തിന് നൽകിയിരുന്നത്. ഈ സമയപരിധി ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇന്നും കുറച്ചുകൂടി സമയം ആവശ്യപ്പെടാനാണ് സാധ്യത. ഇത് മൂന്നാം തവണയാണ് അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് നൽകുന്നത്.

സ്വർണക്കൊള്ളയിൽ സ്വമേധയാ സ്വീകരിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയും ചെയ്യും. അടച്ചിട്ട കോടതി മുറിയിലാണ് കേസിലെ നടപടിക്രമങ്ങള്‍. ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.

ഇതിനിടെ, കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിൽ തനിക്ക് പങ്കില്ലെന്നായിരുന്നു വാസുവിന്റെ വാദം. താൻ വിരമിച്ച ശേഷമാണ് പാളികൾ കൈമാറിയത്. ബോർഡിന്റെ ഉത്തരവ് ഇറങ്ങിയപ്പോഴും താൻ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. വാസുവിന് ജാമ്യം നൽകുന്നതിനെ എസ്ഐടി എതിർക്കുകയും ചെയ്തിരുന്നു.



TAGS :

Next Story