Quantcast

വന്ദേമാതരം അടിച്ചേൽപ്പിക്കൽ ജനാധിപത്യ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളി: ഐഎസ്എം

അടിച്ചേൽപ്പിക്കലിലൂടെ ദേശസ്നേഹം വളർത്താൻ ശ്രമിക്കുന്നത് സമൂഹത്തിൽ അനാവശ്യമായ വിഭജനങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണെന്നും ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    12 Feb 2026 3:29 PM IST

വന്ദേമാതരം അടിച്ചേൽപ്പിക്കൽ ജനാധിപത്യ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളി: ഐഎസ്എം
X

കോഴിക്കോട്: വന്ദേമാതരം നിർബന്ധിതമായി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാപരമായ നിലപാടുകൾക്കും എതിരായ വെല്ലുവിളിയാണെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. ദേശീയ ഗാനത്തിന്റെ ഔദ്യോഗിക പദവിയോ നിയമപരമായ പരിരക്ഷയോ ഇല്ലാത്ത ഒരു ഗാനത്തെ സംസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ശക്തവും വ്യക്തവുമായ നിലപാട് കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 'രാജ്യത്തിന്റെ വൈവിധ്യവും മതനിരപേക്ഷതയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങൾ, സമൂഹത്തെ കൂടുതൽ വിഭാഗീയതയിലേക്കും ധ്രുവീകരണത്തിലേക്കും തള്ളിവിടുന്ന നടപടികളിൽ നിന്ന് പിന്മാറണം.'

വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും മത–സാംസ്കാരിക വികാരങ്ങളെ ഒരുപോലെ ഉൾക്കൊള്ളുന്നില്ലെന്ന വിമർശനം ദീർഘകാലമായി നിലനിൽക്കുന്നതാണ്. അതിനാൽ ഭരണഘടനാപരമായി അംഗീകരിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യേണ്ടത് എല്ലാവർക്കും തുല്യമായി ഉൾക്കൊള്ളാൻ കഴിയുന്ന മൂല്യങ്ങളായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഐക്യവും സഹവർത്തിത്വവും ശക്തിപ്പെടുത്തുന്ന സമീപനങ്ങളാണ് ഭരണകൂടങ്ങൾ സ്വീകരിക്കേണ്ടത്. നിർബന്ധത്തിലൂടെയും അടിച്ചേൽപ്പിക്കലിലൂടെയും ദേശസ്നേഹം വളർത്താൻ ശ്രമിക്കുന്നത് സമൂഹത്തിൽ അനാവശ്യമായ വിഭജനങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.

TAGS :

Next Story