മുസ്‌ലിം സംഘടനകളെ പഴിചാരി വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം തിരിച്ചറിയണം: ഐഎസ്എം
സാമുദായിക സംഘടനകളോടുള്ള വിയോജിപ്പിന്റെ മറവിൽ ഭൂരിപക്ഷ ഏകീകരണത്തിനുള്ള ഡോഗ് വിസിലുകളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം തയ്യാറാകണമെന്ന് ഐഎസ്എം ആവശ്യപ്പെട്ടു

കോഴിക്കോട്: മുസ്‌ലിം സംഘടനകളെ പൈശാചികവൽക്കരിച്ച് ഭൂരിപക്ഷ സമൂഹത്തിനിടയിൽ ഭീതി സൃഷ്ടിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്ന് ഐഎസ്എം സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. സാമുദായിക സംഘടനകളോടുള്ള വിയോജിപ്പിന്റെ മറവിൽ ഭൂരിപക്ഷ ഏകീകരണത്തിനുള്ള ഡോഗ് വിസിലുകളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം തയ്യാറാകണം. വർഗീയ ധ്രുവീകരണത്തിന് കാരണമാകുന്ന നീക്കങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളും സമുദായിക സംഘടനകളും അകലം പാലിക്കണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.
'കുടുംബം സ്വർഗ കവാടം' എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായി 'ഇനി നാം വീട്ടുകൾക്ക് തീ കൊളുത്തണോ?' എന്ന തലക്കെട്ടിൽ ഡിസംബർ 21ന് തൃശൂരിലും ജനുവരി മൂന്നിന് തിരുവനന്തപുരത്തും യൂത്ത് കണക്ട് പ്രോഗ്രാം സംഘടിപ്പിക്കും. ജനുവരി 26ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ യുവജാഗ്രത സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിന് വെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ 21-ാം സംസ്ഥാന സംഗമം കണ്ണൂരിൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ.അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹാസിൽ മുട്ടിൽ, ഡോ മുബശിർ പാലത്ത്, ഡോ.സുഫിയാൻ അബ്ദുസ്സത്താർ, റിഹാസ് പുലാമന്തോൾ, ഡോ.റജുൽ ഷാനിസ്, ഡോ.യൂനുസ് ചെങ്ങര, നസീം മടവൂർ, ഹാരിസ് ടി.കെ.എൻ, അബ്ദുസ്സലാം ഒളവണ്ണ, ഷാനവാസ് ചാലിയം, ഫാദിൽ റഹ്മാൻ, ഡോ.സ്വലാഹുദ്ധീൻ, മശ്ഹൂദ് മേപ്പാടി, റാഫി പേരാമ്പ്ര, നസീർ നിസാർ തിരുവനന്തപുരം, അലി അക്ബർ മദനി ആലപ്പുഴ, മുഹ്‌സിൻ തൃശ്ശൂർ, ഹബീബ് നിരോൽപ്പാലം, നവാസ് അൻവാരി, റഫീഖ് മേപ്പയൂർ, ഫിറോസ് ഐക്കരപ്പടി, ഇസ്മാഈൽ ചാമ്പാട് സംസാരിച്ചു.
Adjust Story Font
16

