Quantcast

ഹക്കീം ഫൈസിയെ പുറത്താക്കിയത് അനിവാര്യ സാഹചര്യത്തിലെന്ന് സമസ്ത

40 പേർ പങ്കെടുത്ത യോഗത്തിൽ ഐകകണ്‌ഠ്യേനയാണ് നടപടിയെടുത്തത്. യോഗത്തിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ലെന്നും സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-11-12 11:21:18.0

Published:

12 Nov 2022 10:27 AM GMT

ഹക്കീം ഫൈസിയെ പുറത്താക്കിയത് അനിവാര്യ സാഹചര്യത്തിലെന്ന് സമസ്ത
X

തേഞ്ഞിപ്പലം: ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയത് അനിവാര്യ സാഹചര്യത്തിലെന്ന് കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ. സമസ്ത പെട്ടെന്ന് ആർക്കെതിരെയും കർശന നിലപാടിലേക്ക് പോകാറില്ല. അനിവാര്യ സാഹചര്യത്തിൽ മാത്രമാണ് കടുത്ത നടപടി സ്വീകരിക്കുന്നത്. സമസ്തയുടെ അണികൾ തീരുമാനത്തിനൊപ്പം നിൽക്കാറുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഹക്കീം ഫൈസി പുറത്താക്കിയതുമായി ബന്ധപ്പെട്ട് സമസ്ത വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആലിക്കുട്ടി മുസ് ലിയാർ.

ഹക്കീം ഫൈസിയുമായി ബന്ധപ്പെട്ട പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. വിഷയം നിരവധി തവണ ചർച്ച ചെയ്തതാണ്. തന്റെ വീട്ടിൽവെച്ചും പല തവണ സംസാരിച്ചു. 40 പേർ പങ്കെടുത്ത യോഗത്തിൽ ഐകകണ്‌ഠ്യേനയാണ് നടപടിയെടുത്തത്. യോഗത്തിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ലെന്നും ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.

ഹക്കീം ഫൈസിയെ പുറത്താക്കിയ സമസ്ത മുശാവറ യോഗത്തിന് മുമ്പ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നുവെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സാദിഖലി തങ്ങൾ ദുബൈയിലായിരുന്നു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരും അവിടെയുണ്ടായിരുന്നു. ഇരുവരും ദുബൈയിൽവെച്ച് ചർച്ച നടത്തി. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും താനും സാദിഖലി തങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു.

സമസ്തയുടെ ആശയങ്ങൾക്കും നയനിലപാടുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചതുകൊണ്ടാണ് ഹക്കീം ഫൈസിക്കെതിരെ നടപടിയെടുത്തത്. സമസ്തക്ക് ലഭിച്ച പരാതികളിൽ പ്രത്യേക സമിതിയെ നിയോഗിച്ച് പഠിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. സമസ്തക്ക് ആരോടും വ്യക്തി വിരോധമില്ല. ഹക്കീം ഫൈസിക്ക് വിജയമുണ്ടാകുന്നതിൽ സന്തോഷിക്കുന്ന ആളാണ് താൻ. അദ്ദേഹത്തിന് വേണ്ടി പ്രത്യേകം പ്രാർഥിക്കാറുണ്ട്. വ്യക്തിപരമായ വിരോധത്തിന്റെ പേരിലാണ് നടപടിയെടുത്തതെന്ന് തെറ്റദ്ധരിക്കാതിരിക്കാനാണ് താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story