പരീക്ഷക്കാലമാണ് ; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല മാർക്ക് നേടാം
കഴിക്കുന്ന ഭക്ഷണവും കൃത്യസമയത്ത് എത്തുന്നതും നിങ്ങളുടെ മാർക്ക് കൂട്ടിയേക്കും

കോഴിക്കോട്: അർധവാർഷിക പരീക്ഷക്ക് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. നന്നായി പഠിച്ചാൽ മാത്രം പോര. നന്നായി പരീക്ഷ എഴുതുക കൂടി ചെയ്താലേ മികച്ച മാർക്ക് സ്‌കോർ നേടാൻ സാധിക്കൂ. മികച്ച രീതിയിൽ പരീക്ഷ എഴുതാൻ ഈ അഞ്ച് കാര്യങ്ങൾ പിന്തുടരാവുന്നതാണ്.
- നേരത്തെ എത്തുക
പരീക്ഷ ഹാളിൽ നേരത്തെ എത്താൻ ശ്രദ്ധിക്കണം. പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പെങ്കിലും പരീക്ഷ ഹാളിൽ എത്തണം. നേരത്തെ എത്തുന്നതോടെ നിങ്ങൾ ശാന്തരായിരിക്കും. അവസാന നിമിഷത്തെ ധൃതി ഒഴിവാക്കുന്നതോടെ വളരെ സമാധാനത്തോടെ പരീക്ഷ എഴുതാൻ കഴിയും. പഠിച്ചതെല്ലാം നന്നായി ഓർക്കാനും എഴുതാനും ഇത് സഹായിക്കും.
- ലഘു ഭക്ഷണം അത്യുത്തമം
പരീക്ഷ ദിവസങ്ങളിൽ ലഘു ഭക്ഷണമാണ് ഏറ്റവും ഉചിതം. പഴങ്ങൾ, നട്‌സ് എന്നിവ കഴിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. പരീക്ഷ ഹാളിൽ ഊർജസ്വലരായി ഇരുന്ന് പരീക്ഷയെഴുതാൻ ഇത് സഹായിക്കും. പരീക്ഷ ഹാളിൽ എത്തിയാൽ ഉറക്കം വരുന്നതിനേയും ലഘുഭക്ഷണം കഴിക്കുന്നതിലൂടെ മറികടക്കാനാവും.
- മിനിമം രണ്ട് പേന നിർബന്ധം
പരീക്ഷക്ക് പോവുന്ന ഏതൊരാളും ചുരുങ്ങിയത് രണ്ട് പേന കൈയ്യിൽ കരുതണം. പരീക്ഷക്ക് ആവശ്യമുള്ള മറ്റ് കാര്യങ്ങളും കൈയ്യിൽ കരുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ച് ഐഡി കാർഡ്, അഡ്മിറ്റ് കാർഡ് മുതലായവ. പരീക്ഷ ഹാളിലെ പരിഭാന്ത്രി ഒഴിവാക്കി മികച്ച രീതിയിൽ പരീക്ഷയെ സമീപിക്കാൻ ഇത് സഹായിക്കും.
- ലളിത ചോദ്യങ്ങൾ എഴുതി തുടങ്ങാം
പരീക്ഷയുടെ ചോദ്യപേപ്പർ കൈയ്യിൽ കിട്ടിയാൽ ആദ്യം തന്നെ ലളിതമായ ചോദ്യങ്ങൾ എഴുതുക. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ എഴുതാൻ കൂടുതൽ സമയം ഇതിലൂടെ നേടാനാവും. അത് മാത്രമല്ല, ലളിതമായ ചോദ്യങ്ങൾ എഴുതി കഴിയുന്നതിലൂടെ കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നു. ലളിതമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആദ്യം തന്നെ വേഗത്തിൽ എഴുതുന്നതിലൂടെ ഉറപ്പുള്ള മാർക്കുകൾ ആദ്യം തന്നെ സ്വന്തമാക്കാം.
- അവസാനത്തെ അരമണിക്കൂർ വളരെ പ്രധാനം
പരീക്ഷയുടെ അവസാനത്തെ 30 മിനുട്ട് വളരെ പ്രധാനമാണ്. എഴുതിയ ഉത്തരങ്ങൾ വായിച്ച് നോക്കി ഉറപ്പിക്കുന്നതിനും ഉത്തരകടലാസിലെ വിവരങ്ങൾ തെറ്റാതെ വൃത്തിയായി എഴുതാനും ശ്രമിക്കുക. ബാക്കി വരുന്ന സമയം ബുദ്ധിമുട്ടുള്ളതും മുമ്പ് ഒഴിവാക്കിയതുമായ ചോദ്യങ്ങൾ എഴുതാൻ ശ്രമിക്കുക.
Adjust Story Font
16

