Quantcast

''കേരളത്തിന്‍റെ വികസനത്തിന് എതിര് നിൽക്കാന്‍ നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമി'': എ.എ. റഹീം

ശാസ്ത്ര സാഹിത്യ പരിഷത്തിനെയും എ.എ റഹീം തള്ളിപറഞ്ഞു

MediaOne Logo

ijas

  • Updated:

    2021-07-03 11:10:00.0

Published:

3 July 2021 11:06 AM GMT

കേരളത്തിന്‍റെ വികസനത്തിന് എതിര് നിൽക്കാന്‍ നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമി: എ.എ. റഹീം
X

കേരളത്തിന്‍റെ വികസന പ്രവര്‍ത്തനത്തിന് എതിര് നിൽക്കാന്‍ നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. അതിവേഗ റെയിലിനെതിരായ പ്രതിഷേധങ്ങളെ സൂചിപ്പിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് എ.എ. റഹീം മറുപടി നല്‍കിയത്. കേരളത്തിലെ ചില ശക്തികള്‍ എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ക്കും എതിരാണെന്നും അതിന് നേതൃത്വം കൊടുക്കുന്ന സംഘടന ജമാഅത്തെ ഇസ്‍ലാമിയാണെന്നും റഹീം പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ക്ക് ചില രാഷ്ട്രീയ അജണ്ടകളുണ്ടെന്നും ഇവര്‍ക്ക് വലതുപക്ഷ സംഘടനകളോട് ഐക്യപ്പെടാന്‍ ഒരു പ്രയാസവുമില്ലെന്നും റഹീം ചൂണ്ടിക്കാട്ടി. കീഴാറ്റൂരില്‍ സുരേഷ് ഗോപി ഉള്‍പ്പെടെ പോയി, പി.കെ കൃഷ്ണദാസ് ജാഥ നയിച്ചെന്നും റഹീം ഓര്‍മ്മിപ്പിച്ചു.

കേരളത്തിന്‍റെ പൊതുപുരോഗതിയെ പിറകോട്ടടിപ്പിക്കുന്ന കാര്യമാണ് ഇവിടെ നടക്കുന്നതെന്നും പരിസ്ഥിതി ആഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്ത് ഏജന്‍സികളുണ്ടെന്നും അവര്‍ ഉറപ്പ് നല്‍കിയാല്‍ ഏത് പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കി കൂടാത്തതെന്നും റഹീം ചോദിച്ചു. ശാസ്ത്ര സാഹത്യപരിഷത്തിന്‍റെ സംസ്ഥാന കമ്മിറ്റിയും ആർ.വി.ജി. മേനോൻ അടക്കമുള്ള ഇടതുപക്ഷ സഹയാത്രികരും പരിസ്ഥിതിവാദികളും എതിർക്കുന്നില്ലേ എന്ന ചോദ്യത്തിന് ഈ അജണ്ട ജമാഅത്തെ ഇസ് ലാമിയുടേതാണെന്ന് റഹീം മറുപടി നൽകി. വികസനത്തെ എതിർക്കുന്നവർക്ക് രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്ര സാഹിത്യ പരിഷത്തിനെയും എ.എ റഹീം തള്ളിപറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ അഭിപ്രായം പൂര്‍ണമായും ശരിയാകണമെന്നില്ല. വികസനം വേണ്ടെന്ന് പറയരുത്. സംസ്ഥാനത്തും രാജ്യത്തും നിയമവ്യവസ്ഥയുണ്ട്. അതൊക്കെ തീരുമാനിക്കാന്‍ ഹരിത ട്രൈബ്യൂണലുണ്ടെന്നും റഹീം പറഞ്ഞു. കേരളത്തിലെ മൗലിക പരിസ്ഥിതിവാദം പുതിയ തലമുറയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ജീവിക്കാൻ തൊഴിലവസരങ്ങൾ വേണം. അതിന് അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകണം. ഏത് പദ്ധതി വന്നാലും പരിസ്ഥിതിയുടെ പ്ലക്കാർഡ് ഉയർത്തിപ്പിടിക്കുന്നത് ശരിയല്ല. ഏറ്റവും മികച്ച പരിസ്ഥിതിവാദ സംഘടനയാണ് ഡി.വൈ.എഫ്.ഐ. തരിശ് കിടന്ന ഭൂമിയിൽ കൃഷിയിറക്കുന്ന സംഘടനയാണ്. അതിവേഗ റെയിലിനോടുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലപാടിനെ ഡി.വൈ.എഫ്.ഐ എതിർക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് ഡി.വൈ.എഫ്.ഐയുടെ പോഷക സംഘടനയല്ലന്നും എ.എ. റഹീം പറഞ്ഞു..



TAGS :

Next Story