'പ്രസംഗം അവസാനിപ്പിച്ചത് അസ്സലാമു അലൈക്കും എന്ന സംബോധനയോടെ; ഗുരുതര സ്ഥിതിവിശേഷം'- വിദേശകാര്യ ഉദ്യോഗസ്ഥനെതിരെ സംഘ്പരിവാർ മുഖപത്രം
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ജി.വി ശ്രീനിവാസ് പ്രസംഗത്തിൽ 'അസ്സലാമു അലൈക്കും' എന്ന് അഭിസംബോധന ചെയ്തതിനെതിരെയാണ് സംഘപരിവാർ മുഖപത്രമായ ജന്മഭൂമി രംഗത്തെത്തിയത്

കൊച്ചി: കൊച്ചി താജ് ഹോട്ടലില്‍ നടന്ന 'കൊച്ചി ഡയലോഗ് 2026' അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ജി.വി ശ്രീനിവാസ് പ്രസംഗത്തിൽ 'അസ്സലാമു അലൈക്കും' എന്ന് അഭിസംബോധന ചെയ്തതിനെതിരെ സംഘ്പരിവാർ മുഖപത്രമായ ജന്മഭൂമി. 'പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത വിദേശകാര്യ മന്ത്രാലയത്തിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ജി.വി ശ്രീനിവാസ് പ്രസംഗം അവസാനിപ്പിച്ചത് അസ്സലാമു അലൈക്കും എന്ന സംബോധനയോടെയാണെന്ന് പിഎഫ്ഐ ഭീകരനായ റൗഫ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണിത്; കേരളത്തിൻ്റെ ഭരണം ഇസ്‌ലാമിക മതമൗലികവാദികളെയും കടന്ന് ഭീകരവാദികൾ ഹൈജാക്ക് ചെയ്തിരിക്കുകയാണോ എന്ന സംശയമാണ് ഇതിലൂടെ ഉയരുന്നത്'- മുഖപ്രസംഗം പറയുന്നു.
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാനാണ് 'കൊച്ചി ഡയലോഗ് 2026' സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ റഊഫ് പ്രതിനിധിയായി പങ്കെടുത്തതിനെതിരെയാണ് ജൻമഭൂമി എഡിറ്റോറിയൽ. റഊഫിൻ്റെ പങ്കാളിത്തം ഞെട്ടിക്കുന്നതാണെന്ന് ജന്മഭൂമി പറയുന്നു.
ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, നയതന്ത്രജ്ഞര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഇന്ത്യയിൽ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയില്‍ ഒരു ഭീകരന് പച്ചപ്പരവതാനി വിരിച്ചത് എങ്ങിനെ എന്നാണ് ജന്മഭൂമിയുടെ ചോദ്യം. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ് പരിപാടിയെങ്കിലും റഊഫിൻ്റെ പങ്കാളിത്തം, അസ്സലാമു അലൈക്കും എന്ന അഭിസംബോധന എന്നിവ മുൻനിർത്തി സംസ്ഥാന സർക്കാരിനെതിരെയാണ് ജന്മഭൂമി വിമർശനം.
പൂര്‍ണ്ണമായും ഔദ്യോഗിക സ്വഭാവത്തിലുള്ള പരിപാടിയില്‍ എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഒരു സംഘടനയുടെ പ്രമുഖന്‍ പങ്കെടുത്തതെന്ന ചോദ്യത്തിന് സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരും സംഘാടകരും ഉത്തരം നല്‍കിയേ മതിയാവൂ. സമീപകാലത്ത് രാജ്യത്തെ മറ്റിടങ്ങളില്‍ നിന്നുവന്ന് ഒളിവില്‍ കഴിയുന്ന പല ഇസ്‌ലാമിക ഭീകരരും കൊച്ചിയില്‍ പിടിയിലായിട്ടുണ്ട്. അധികാരത്തിലെത്തിയ യുഡിഎഫ് ഭരണകൂടവും ഇസ്‌ലാമിക ഭീകരവാദികളോട് മൃദുസമീപനം സ്വീകരിക്കുകയാണ്. എന്തായാലും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. ഭരണത്തില്‍ ഇരുന്നുകൊണ്ട് ഭീകരവാദികള്‍ക്ക് വിടുപണി ചെയ്യുന്നവരെ പുറത്തുകൊണ്ടുവരണമെന്നും ജന്മഭൂമി മുഖപ്രസംഗത്തില്‍ പറയുന്നു.
Adjust Story Font
16

