ജാമിഅ മില്ലിയ സർവകലാശാല പ്രവേശന പരീക്ഷാകേന്ദ്രങ്ങളിൽ തിരുവനന്തപുരമില്ല; പ്രതിഷേധം ശക്തം
കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരും വിദ്യാർഥി സംഘടനകളും രംഗത്തെത്തി

ഡല്‍ഹി: ജാമിഅ മില്ലിയ സർവകലാശാലയിലെ പ്രവേശന പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരും വിദ്യാർഥി സംഘടനകളും രംഗത്തെത്തി.
കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും ജാമിഅ മില്ലിയ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. പരീക്ഷ കേന്ദ്രം എടുത്ത് കളഞ്ഞതോടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സെന്‍ററുകൾ ആശ്രയിക്കേണ്ടി വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള പരീക്ഷാ കേന്ദ്രം കൂടിയായ തിരുവനന്തപുരം ഒഴിവാക്കിയത് നിരവധി വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ സ്വപ്നങ്ങള്‍ക്ക് മേലുള്ള തിരിച്ചടി കൂടിയാണ്. മറ്റ് ഇടങ്ങളിൽ പോകുമ്പോൾ യാത്ര, താമസം, ഭക്ഷണം എന്നിവക്കായി വലിയ സാമ്പത്തിക ബാധ്യതയും വിദ്യാര്‍ഥികള്‍ക്കുണ്ടാകും.
വിഷയങ്ങള്‍ പരിഹരിക്കാനയി കേരളത്തില്‍ തിരുവനന്തപുരത്തോ കോഴിക്കോട്ടോ പരീക്ഷാ കേന്ദ്രം ഉടനടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി വൈസ് ചാൻസിലര്‍ക്ക് കത്ത് അയച്ചു. തിങ്കളാഴ്ച ചാൻസിലറുമായി കൂടിക്കാഴ്ച നടത്തുമെന്നും ഹാരിസ് ബീരാൻ പറഞ്ഞു. എംപിമാരായ ശശി തരൂരും പി. സന്തോഷ് കുമാരും നടപടിക്കെതിരെ രംഗത്തി. സെന്‍റര്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപെട്ട് എംഎസ്എഫും ഫ്രറ്റേണിറ്റി മൂവ്മെന്‍റും സർവകലാശാലയെ സമീപിച്ചു.
ഡൽഹി, ലഖ്‍നൗ, ഗുവാഹത്തി, പട്ന, കൊൽക്കത്ത, ശ്രീനഗർ, തിരുവനന്തപുരം എന്നിവടങ്ങളിലായിരുന്നു മുൻ വർഷങ്ങളിൽ ജാമിഅ പ്രവേശന പരീക്ഷാ സെന്‍ററുകൾ ഉണ്ടായിരുന്നത്. എന്നാൽ, ഇക്കുറി തിരുവനന്തപുരം ഒഴിവാക്കി ഭോപ്പാലിലും മാലേഗാവിലും പുതിയ സെന്‍ററുകൾ അനുവദിക്കുകയായിരുന്നു.
Adjust Story Font
16

