സിപിഎമ്മിന്റെ വർഗീയത കണ്ട് നിരാശനായാണ് ഞാൻ ബിജെപിയിൽ ചേർന്നത്: റെജി ലൂക്കോസ്
'ഒരു കാലത്ത് ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം സഞ്ചരിക്കുകയും വർഗീയ ചേരിതിരിവുണ്ടാകുമെന്ന് ഭയന്ന് ഇപ്പോൾ അതിനെ എതിർക്കുകയും ചെയ്യുന്നു'.

- Updated:
2026-01-08 15:24:48.0

തിരുവനന്തപുരം: സിപിഎമ്മാണ് ഇന്ന് ഏറ്റവും കൂടുതൽ വർഗീയത പറയുന്ന പാർട്ടിയെന്നും അതുകണ്ട് നിരാശനായാണ് താൻ ബിജെപിയിൽ ചേർന്നതെന്നും ഇടതുസഹയാത്രികനായിരുന്ന റെജി ലൂക്കോസ്. നാലഞ്ച് മാസമായി സിപിഎമ്മിനുണ്ടായ ഭയാനക നിലപാടുമാറ്റം ആശങ്കയുണ്ടാക്കുന്നതായും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ഇടതുപക്ഷ ആശയങ്ങളോട് തനിക്കൊരിക്കലും യോജിക്കാനാവില്ലെന്നും റെജി ലൂക്കോസ് അഭിപ്രായപ്പെട്ടു. സ്‌ട്രേറ്റായി കാര്യങ്ങൾ പറയുന്ന പാർട്ടിയാണ് ഏറ്റവും നല്ലതെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. ഒരു ചാനൽ അഭിമുഖത്തിലാണ് റെജി ലൂക്കോസിന്റെ വിചിത്ര വാദം.
'പതിറ്റാണ്ടുകളായി, ചെറുപ്പം മുതലേ ഇടതുപക്ഷ ആശയക്കാരനാണ്. അതിലിതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനൊന്നുമല്ല. കൈരളി ചാനൽ തുടങ്ങിയ അന്ന് മുതൽ എന്റെ രാഷ്ട്രീയ പരിപാടികളുണ്ടായിരുന്നു. പത്ത് വർഷത്തിലേറെയായി ഞാൻ ഇടതുപക്ഷ സഹയാത്രികനായി ചാനൽ ചർച്ചകളിൽ സ്ഥിരമായി പങ്കെടുക്കുന്നു. പാർട്ടിയുടെ ഒരു ഔദ്യോഗിക പദവിയും എനിക്ക് കിട്ടിയിട്ടില്ല. ഞാൻ ചോദിച്ചിട്ടുമില്ല. കഴിഞ്ഞ ഏഴ് വർഷമായി പാർട്ടി അംഗമാണ്. അത് ഇങ്ങോട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അംഗത്വംമെടുത്തതാണ്'.
'നാലഞ്ച് മാസമായി സിപിഎമ്മിനുണ്ടായ ഭയാനകമായ നിലപാടുമാറ്റം ആശങ്കയുണ്ടാക്കുന്നു. പ്രത്യേകിച്ച് വർഗീയമായ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ഇടതുപക്ഷ ആശയങ്ങളോട് എനിക്ക് ഒരു കാരണവശാലും യോജിക്കാനാവില്ല. ഒരു കാലത്ത് ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം സഞ്ചരിക്കുകയും വർഗീയ ചേരിതിരിവുണ്ടാകുമെന്ന് ഭയന്ന് ഇപ്പോൾ അതിനെ എതിർക്കുകയും ചെയ്യുന്നു. മാറാട് കലാപം വീണ്ടും ആവർത്തിക്കുമെന്ന് പറഞ്ഞ് ഭൂരിപക്ഷവർഗീയത ധ്രുവീകരിക്കാൻ നടത്തുന്ന പാഴ്‌വേലകളും ന്യൂനപക്ഷ വർഗീയത മറ്റൊരു തലത്തിൽ ആളിക്കത്തിക്കാൻ ശ്രമിച്ച് വിഭാഗീയതയുണ്ടാക്കാൻ ശ്രമിക്കുന്നതും താൻ അന്തംവിട്ടാണ് കേട്ടുകൊണ്ടിരിക്കുന്നത്. എനിക്ക് അതൊരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. ഞാൻ മാത്രമല്ല. സിപിഎമ്മിനെ സ്‌നേഹിക്കുന്ന അനേകം സഖാക്കൾ ഇന്ന് നിരാശരാണ്'.
'ഞാൻ വിദേശങ്ങളിലെല്ലാം യാത്ര ചെയ്തയാളാണ്. കേരളത്തിൽ ഇ-ബസ് അവതരിപ്പിച്ചത് ഞാനാണ്. അതിനെ കോൺഗ്രസ് എതിർത്തു. മാലിന്യ സംസ്‌കരണ ഫാക്ടറി അവതരിപ്പിച്ചത് ഞാനാണ്. വർഗീയതയുടെ കാര്യത്തിൽ ഇതുവരെ പറഞ്ഞ കാര്യങ്ങൾ വിഴുങ്ങുകയൊന്നുമല്ല. കാലം മാറുന്നതിന് മാറണം. മറ്റുള്ളവരേക്കാൾ നല്ലത് ഏതെന്ന ഓപ്ഷനുണ്ട്. ഇപ്പോൾ നോക്കുമ്പോൾ, ഞാൻ പ്രവർത്തിച്ചിരുന്ന പാർട്ടിയാണ് ഏറ്റവും കൂടുതൽ വർഗീയത പറയുന്നത്. കോൺഗ്രസാണെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയുമായും എസ്ഡിപിഐയുമായും കൂട്ടുചേർന്ന് ഭരണത്തിന് ശ്രമിക്കുന്നു. അങ്ങനെവരുമ്പോൾ, സ്‌ട്രേറ്റായി കാര്യങ്ങൾ പറയുന്ന പാർട്ടിയല്ലേ ഏറ്റവും നല്ലത്. ഈ രണ്ടു പാർട്ടികളും പറയാത്ത രീതിയിൽ വികസനത്തെ കുറിച്ച് പറയുന്ന പാർട്ടിയാണ് ബിജെപി. അത് മനസിലാക്കി മാറി ചിന്തിച്ച് ഞാൻ ബിജെപിയിൽ ചേർന്നു. ഞാനൊരിക്കലും വർഗീയപരമായ ചർച്ചകളിൽ പങ്കെടുക്കില്ല. ബിജെപിയുടെ വികസനമായിരിക്കും പറയുക'- റെജി ലൂക്കോസ് വിശദമാക്കി.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് റെജി ലൂക്കോസ് ബിജെപി അംഗത്വമെടുത്തത്. 35 വർഷമായി ഇടതുപക്ഷവുമായി സഹകരിച്ചെന്നും പഴയ ആശയവുമായി നിന്നാൽ വികസനമുണ്ടാവില്ലെന്നും റെജി ലൂക്കോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, റെജി ലൂക്കോസ് പാർട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്നാണ് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി പറഞ്ഞത്. സ്വയംപ്രഖ്യാപിത ഇടതുപക്ഷ സഹയാത്രികനായി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാധ്യമങ്ങളാണ് ഇടത് സഹയാത്രികനെന്ന വിശേഷണം നൽകിയതെന്നും സിപിഎം കൂട്ടിച്ചേർത്തു.
Adjust Story Font
16
