'18 വയസ് മുതല്‍ പ്രണയിച്ച് 25 വയസിനു മുന്‍പ് വിവാഹം കഴിക്കണം'; സമുദായത്തിൽ അംഗസംഖ്യ കുറയുന്നുവെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്‍റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാംപ്ലാനി

കണ്ണൂര്‍: സമുദായത്തിൽ അംഗസംഖ്യ കുറയുന്നതിനാൽ യുവാക്കൾ 18 വയസിൽ പ്രണയിച്ചു തുടങ്ങി 25-ാം വയസിനുള്ളിൽ വിവാഹം ചെയ്യണമെന്നും കുടുംബജീവിതത്തിലേക്ക് കടക്കണമെന്നും വിവാദ പരാമർശവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്‍റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തന്‍റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാല്‍പതുകാരന്‍ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപ ലോണ്‍ എടുത്ത് യുവാക്കള്‍ വിദേശത്തേക്ക് പലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുര്‍ബലപ്പെടുത്തി', പാംപ്ലാനി പറഞ്ഞു.തലശേരി അതിരൂപതയിൽ മാത്രം 4200 യുവജനങ്ങൾ (35 വയസിന് മുകളിൽ പ്രായം ഉള്ളവർ ) കല്യാണം കഴിക്കാത്തവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംഗസംഖ്യ കുറയുന്നത് മൂലം സമുദായം പ്രതിസന്ധിയിലാണ് എന്നും ആയതിനാൽ വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് ബിഷപ്പിന്‍റെ ആഹ്വാനം. യുവാക്കള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകര്‍ക്കലെന്നും പാംപ്ലാനി വിമര്‍ശിച്ചു.
Adjust Story Font
16

