ഒമ്പത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവം: 'ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാർ നടപടി എടുക്കും'; കെ.ബാബു എംഎല്‍എ
കുട്ടിയുടെ ചികിത്സക്കും പഠനത്തിനും സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും എംഎല്‍എ പറഞ്ഞു

പാലക്കാട്:പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയതിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാർ നടപടി എടുക്കുമെന്ന് നെന്മാറ എംഎല്‍എ കെ.ബാബു. ഇപ്പോൾ പുറത്ത് വന്നത് അന്തിമ റിപ്പോർട്ടല്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുടെനേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ ചികിത്സക്കും പഠനത്തിനും സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും കെ.ബാബു പറഞ്ഞു.
അതേസമയം, കൈമുറിച്ച് മാറ്റിയതിൽ ഡോക്ടർമാരുടെ പിഴവ് പരാമർശിക്കാതെയുള്ള അന്വേഷണ റിപ്പോർട്ടാണ് പുറത്ത് വന്നത്. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം എങ്ങനെ നിലച്ചുവെന്നും കൈയിൽ എങ്ങനെ പഴുപ്പ് വന്നുവെന്നും ഡിഎംഒ നിയോഗിച്ച സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല. കുട്ടിയ്ക്ക് ജില്ലാ ആശുപത്രിയിൽ നിന്ന് ശരിയായ ചികിത്സ നൽകി എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയ റിപ്പോർട്ടിലുള്ളത്.
അതിനിടെ, പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ നിയമ നടപടിയുമായി ഏതറ്റം വരെയും മുന്നോട്ട് പോകുമെന്ന് കൈമുറിക്കേണ്ടി വന്ന കുട്ടിയുടെ മാതാവ് പ്രസീത പറഞ്ഞു . ഇപ്പോഴും മകളുടെ നില ഗുരുതരമായി തുടരുകയാണ്. ഡിഎംഒ റിപ്പോർട്ട് ആരെയൊക്കയോ സംരക്ഷിക്കാനാണെന്നും പ്രസീത മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

