രാഹുലിനെതിരെ ബ്രഹ്മാസ്ത്രം തക്കസമയത്ത് പ്രയോഗിച്ചിട്ടുണ്ട്; സ്വർണം കട്ടവരെയും സ്ത്രീലമ്പടന്മാരേയും പ്രോത്സാഹിപ്പിക്കില്ല: കെ. മുരളീധരൻ
'തെറ്റ് കണ്ടതുകൊണ്ടാണ് കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. ഇനി കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല. കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പുറത്താക്കിയത്'.

തിരുവനന്തപുരം: പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെ കേസിൽപെടുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് കെ. മുരളീധരൻ. തെറ്റ് സംഭവിച്ചത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത്. തങ്ങൾ ബ്രഹ്മാസ്ത്രം തക്കസമയത്ത് തന്നെ പ്രയോഗിച്ചിട്ടുണ്ടെന്നും ഇനി ബാക്കി കാര്യങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും കെ. മുരളീധരൻ. മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെയാണ് കെ. മുരളീധരന്റെ പ്രതികരണം.
'തെറ്റ് കണ്ടതുകൊണ്ടാണ് കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. ഇനി കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല. കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പുറത്താക്കിയത്. ഇനിയൊരു ചർച്ചയുടെ ആവശ്യമില്ല. ഉചിതമായ നടപടികൾ സർക്കാരും പൊലീസും സ്വീകരിക്കട്ടെ. തെറ്റുകളെ കോൺഗ്രസ് ന്യായീകരിക്കില്ല. തെറ്റ് കണ്ടാൽ ശിക്ഷിക്കും. ഞങ്ങളുടെ പാർട്ടി ചെയ്താൽ ശരിയെന്നും മറ്റ് പാർട്ടിക്കാർ ചെയ്താൽ തെറ്റെന്നും പറയുന്ന സംസ്കാരം കോൺഗ്രസിനില്ല. സ്വർണം കട്ടവരെയും സ്ത്രീലമ്പടമാരേയും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല'- മുരളീധരൻ പറഞ്ഞു.
പാർട്ടി നടപടി ശരിയാണെന്ന് തുടർന്നുള്ള സംഭവങ്ങൾ തെളിയിക്കും. എംഎൽഎ സ്ഥാനം രാഹുൽ സ്വയം രാജിവച്ചു പോകേണ്ടതായിരുന്നു. പുറത്താക്കിയ ആൾ രാജിവയ്ക്കണമെന്ന് തങ്ങൾക്ക് പറയാൻ നിവൃത്തിയില്ല. ഇനിയിപ്പോൾ വിപ്പ് പോലും ബാധകമല്ല. രാഹുലിന്റെ ഇനിയുള്ള പ്രവർത്തികളിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല. കോൺഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാർട്ടിയാണ്. അതിനെ മറ്റ് കളരിക്ക് ഉപയോഗിക്കേണ്ട പ്രസ്ഥാനമല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
സിപിഎം ഇത് രാഷ്ട്രീയമായി ആയുധമാക്കിയാൽ തിരിച്ച് പറയാൻ തങ്ങൾക്കും ധാരാളമുണ്ട്. തങ്ങളുടെ പാർട്ടിയാണ് നടപടിയെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടുപോലും അതിൽ പറഞ്ഞിട്ടുള്ളയാളെ രണ്ട് തവണ സ്ഥാനാർഥിയാക്കി. അപ്പോൾ ഈ വിഷയമൊന്ന് പറഞ്ഞുകിട്ടാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും അങ്ങോട്ട് പറയാനും ഒത്തിരിയുണ്ടെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

