'സ്നേഹത്തള്ളൽ ആയാലും സ്നേഹത്തല്ലൽ ആയാലും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യും': തുറന്നടിച്ച് കെ. മുരളീധരൻ
ടിവി ചാനലിൽ മുഖം കാണിക്കാൻ തള്ളുന്നവരോട് ജനത്തിന് പരിഹാസമാണെന്നും കെ. മുരളീധരൻ

തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ ഉന്തും തള്ളും ഉണ്ടായതിൽ കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ നടത്തിയ ‘സ്‌നേഹത്തള്ളല്‍’ പരാമർശത്തിനെതിരെ കെ.മുരളീധരന്‍.
സ്നേഹത്തള്ളൽ ആയാലും സ്നേഹത്തല്ലൽ ആയാലും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് മുരളീധരൻ പറഞ്ഞു. ഈ പ്രവണത അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് വിജയമാണ് മുഖ്യം. ടിവി ചാനലിൽ മുഖം കാണിക്കാൻ തള്ളുന്നവരോട് ജനത്തിന് പരിഹാസമാണെന്നും കെ. മുരളീധരൻ. സ്‌നേഹത്തിന്റെ ഭാഷയിലാണെങ്കിലും രൗദ്രത്തിന്റെ ഭാഷയിലാണെങ്കിലും ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല. ആ നേരം കൊണ്ട് പാര്‍ട്ടിക്ക് വേണ്ടി കുറച്ച് അധ്വാനിച്ചാല്‍ അത്രയും വോട്ട് നമുക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടിയിൽ വേദിയിലുണ്ടായത് സ്നേഹത്തള്ളലായിരുന്നു എന്നായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞത്. സംസാരിക്കാൻ വിളിക്കാൻ വൈകിയതിൽ ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല. എം.കെ രാഘവനെയും പാറക്കൽ അബ്ദുല്ലയേയും വിളിക്കാൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിൽ. കുറ്റ്യാടിയിൽ പുതുയുഗ യാത്രയെ കുറിച്ച് ഉണ്ടായവാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
യുഡിഎഫിന്റെ പുതുയുഗ യാത്രാ സ്വീകരണ വേദിയില്‍ സംസാരിക്കാന്‍ വിളിക്കാന്‍ വൈകിയതില്‍ ഷാഫി പറമ്പില്‍ എംപി നീരസം പ്രകടിപ്പിച്ചിരുന്നു. യാത്രക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണത്തിലാണ് സംഭവം. സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഒറ്റ വാചകത്തില്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.
സംസാരിക്കാന്‍ വിളിക്കാന്‍ വൈകിയതോടെ ഡിസിസി സെക്രട്ടറിയോട് ഷാഫി വേദിയില്‍ വെച്ച് തന്നെ തര്‍ക്കിച്ചു. പിന്നീട് വി.ഡി സതീശന് ശേഷം ഷാഫിയെ വിളിക്കാന്‍ ശ്രമിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലിനെ ബലമായി തടഞ്ഞ ഷാഫി താന്‍ സംസാരിക്കില്ലെന്ന് അറിയിച്ചു. പേര് വിളിച്ചതോടെ ഒറ്റ വാചകത്തില്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. എം.കെ രാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചിട്ടും സ്ഥലം എംപിയായ ഷാഫിയെ സംസാരിക്കാന്‍ വിളിക്കാത്തതാണ് അതൃപ്തിക്ക് കാരണമായതെന്നാണ് സൂചന.
Adjust Story Font
16

