Quantcast

ബിജെപി കള്ളപ്പണ, സ്വർണക്കടത്ത് കേസുകളിൽ ജുഡീഷ്യൽ അന്വേഷണം വേണം: കെ. മുരളീധരൻ

രാഷ്ട്രീയ കാര്യസമിതിയിൽനിന്ന് വിട്ടുനിന്നത് സംബന്ധിച്ച് ഒരു തർക്കവുമില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ കെ. സുധാകരനുമായി സംസാരിച്ചു പരിഹരിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ എംപി വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2021-06-29 16:23:09.0

Published:

29 Jun 2021 3:48 PM GMT

ബിജെപി കള്ളപ്പണ, സ്വർണക്കടത്ത് കേസുകളിൽ ജുഡീഷ്യൽ അന്വേഷണം വേണം: കെ. മുരളീധരൻ
X

ബിജെപി കള്ളപ്പണ, സ്വർണക്കടത്ത് കേസുകളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പര സഹകരണ സംഘങ്ങളായി പ്രവർത്തിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

ജുഡീഷ്യൽ അന്വേഷണമോ അല്ലെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ഇല്ലെങ്കിൽ ഈ കേസുകൾ തേച്ചുമായ്ച്ചുകളയും. സത്യം പുറത്തുവരാൻ മറ്റു വഴികളില്ല. എത്ര സ്വർണം കടത്തിയാലും കുറച്ച് കിറ്റ് കൊടുത്താൽ തെരഞ്ഞെടുപ്പ് ജയിക്കാമെന്നൊരു വിശ്വാസം സിപിഎമ്മിനുണ്ട്. വോട്ട് ചെയ്ത് വിശ്വാസമർപ്പിച്ച ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കേസുകൾ ഇല്ലാതാക്കാൻ കേന്ദ്രവുമായി സഹകരിക്കുന്നു. 24 മണിക്കൂറും കോൺഗ്രസ്-ബിജെപി ബന്ധമെന്നു പറഞ്ഞുകൊണ്ടിരിക്കും. യഥാർത്ഥ ബന്ധം സിപിഎമ്മും ബിജെപിയുമായാണ്- മുരളീധരൻ ആരോപിച്ചു.

സുരേന്ദ്രൻ വെല്ലുവിളിക്കുന്നത് കണ്ടതാണ്. ഒരു ഘട്ടത്തിൽ സുരേന്ദ്രന്റെ മകനെ വരെ അറസ്റ്റ് ചെയ്യുമെന്ന് വാർത്തകൾ വന്നു. ഞങ്ങളുടെ പാർട്ടി പ്രസിഡന്റിന്റെ മകനെ അറസ്റ്റ് ചെയ്താൽ നിങ്ങളുടെ സെക്രട്ടറിയുടെ മകൻ ഞങ്ങളുടെ കൈയിലുണ്ടെന്ന് കുമ്മനം പറഞ്ഞത് അപ്പോഴാണ്. അതൊരു ഭീഷണിയാണ്. ആ ഭീഷണിക്കുശേഷം പിന്നീട് കൊടകര കുഴൽപ്പണക്കേസ് തന്നെ കേൾക്കാനില്ല. ഇവരെല്ലാം തമ്മിൽ നീക്കുപോക്കുണ്ടെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് ഈ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം കൊണ്ട് മാത്രമേ സത്യം പുറത്തുവരൂ. അക്കാര്യം ഇന്ന് പ്രതിപക്ഷ നേതാവ് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസുകൾ ഇല്ലാതാക്കാൻ എത്ര ശ്രമിച്ചാലും ശക്തമായി നേരിടും. ഇപ്പോൾ കോവിഡ് വ്യാപനം കാരണമാണ് കോൺഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങാത്തത്. അതൊരു ലൈസൻസായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് വിട്ടുനിന്നത് സംബന്ധിച്ച് ഒരു തർക്കവുമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി അക്കാര്യങ്ങൾ സംസാരിച്ചു പരിഹരിച്ചിട്ടുണ്ട്. രാഷ്ട്രീയകാര്യ സമിതി എടുത്ത എല്ലാ തീരുമാനങ്ങളോടും പൂർണമായി യോജിപ്പാണ്. അവ നടപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ കൂടെയുണ്ടാകുമെന്നും കെ മുരളീധരൻ എംപി കൂട്ടിച്ചേർത്തു.

TAGS :

Next Story