Quantcast

'സൈബർ കൂട്ടങ്ങൾ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവർ'; വിമർശനങ്ങൾക്ക് മറുപടിയുമായി സച്ചിദാനന്ദൻ

ഫാസിസത്തിനെതിരെ കാലങ്ങൾക്ക് മുമ്പേ നിലപാടെടുത്ത ആളാണ് താൻ

MediaOne Logo

Web Desk

  • Published:

    10 Feb 2026 12:43 PM IST

സൈബർ കൂട്ടങ്ങൾ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവർ; വിമർശനങ്ങൾക്ക് മറുപടിയുമായി സച്ചിദാനന്ദൻ
X

തൃശൂര്‍: ഭരണത്തുടർച്ച വേണ്ടെന്ന പ്രസ്താവനക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി എഴുത്തുകാരൻ കെ.സച്ചിദാനന്ദൻ. തന്നെ വിമർശിക്കുന്ന സൈബർ കൂട്ടങ്ങൾ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവർ . സൈബർ ലോകത്ത് വിമർശിക്കുന്നവർ തന്‍റെ പുസ്തകം വായിക്കാത്തവരും തന്നെ അറിയാത്തവരുമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് തന്നെ കസ്റ്റഡിയിലെടുത്തതോ കലബുർഗി മരണത്തിൽ പ്രതിഷേധിച്ച് താൻ സാഹിത്യ അക്കാദമിയിൽ നിന്നും പുറത്തുവന്നതോ പലർക്കും അറിയില്ല. ഫാസിസത്തിനെതിരെ കാലങ്ങൾക്ക് മുമ്പേ നിലപാടെടുത്ത ആളാണ് താൻ . തന്നെ വിമർശിക്കുന്നവർക്ക് ഇതൊന്നും അറിയില്ല. അധികാരത്തിനും സ്ഥാനത്തിനുമായി താൻ ഒരു കാലത്തും എവിടെയും കയറി ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം കുറിക്കുന്നു.

എന്നാൽ ഭരണമാറ്റം വേണമെന്ന് സച്ചിദാനന്ദന്‍റെ പ്രസ്താവന ഗൗരവത്തിൽ കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സച്ചിദാനന്ദൻ ഇടതുപക്ഷ ബന്ധുവാണ് . ബന്ധുക്കൾ പുകഴ്ത്തണം എന്ന് മാത്രം പറയാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ സച്ചിദാനന്ദനെതിരെ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി രംഗത്തെത്തി. ഓര്‍മയും യുക്തിയും നഷ്ടമാകുന്നതായി സച്ചിദാനന്ദൻ ഈയിടെ പറഞ്ഞുവെച്ചിട്ടുണ്ട്. അത്തരം വിചിത്രമായ ഒരു പ്രസ്താവനയായി കേരളം ഇതിനെ കണക്കാക്കുമെന്നും മുരളി പറഞ്ഞു.

രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നായിരുന്നു സച്ചിദാനന്ദൻ പറഞ്ഞത്. തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. വീണ്ടും ഭരണം കിട്ടിയാൽ അങ്ങനെ പോകാൻ സാധ്യതയുണ്ട്. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനത്തിന്‍റെ കാര്യത്തിലും സാക്ഷരത കാര്യത്തിലും ഒക്കെ ഇടതു സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരുന്നു. അത് ജനാധിപത്യ പാർട്ടിക്ക് ഭൂഷണമല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. വർഗീയമല്ലാത്ത വലിയ ന്യൂനപക്ഷം കേരളത്തിലുണ്ട്. അത്തരത്തിലുള്ള ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കണം. ഹിന്ദുത്വ നേതൃത്വത്തിന്‍റെ കാലത്ത് അത് കമ്മ്യൂണിസ്റ്റുകാരുടെ കടമയാണ്. ഇത് കമ്മ്യൂണിസ്റ്റുകാർ മറന്നുപോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

TAGS :

Next Story