Quantcast

'ഇതിവിടെയും നിൽക്കില്ല, മുകളിലോട്ടു പോകും'; പെരിയയിൽ പ്രതികരിച്ച് സുധാകരൻ

"താഴെത്തട്ടിലെ ഏഴാംകൂലി സഖാക്കൾ ചെയ്തല്ല ഈ കൊലപാതകം. ഇത് വലിയ ഗൂഢാലോചനയുടെ ഭാഗമാണ്."

MediaOne Logo

Web Desk

  • Published:

    1 Dec 2021 11:53 AM GMT

ഇതിവിടെയും നിൽക്കില്ല, മുകളിലോട്ടു പോകും; പെരിയയിൽ പ്രതികരിച്ച് സുധാകരൻ
X

പെരിയ ഇരട്ടക്കൊലപാതകം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാകാനുണ്ട് എന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ അഞ്ച് സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'താഴെത്തട്ടിലെ ഏഴാംകൂലി സഖാക്കൾ ചെയ്തല്ല ഈ കൊലപാതകം. ഇത് വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. സിപിഎമ്മിന്റെ കൊട്ടക്കൊത്തളത്തിൽ കുറേ ചെറുപ്പക്കാർ ആന്റി സിപിഎം ഫീലിങുമായി വരികയാണ്. അവരുടെ സാമൂഹ്യപ്രവർത്തനം കൊണ്ട് ഒരു സമൂഹത്തെ മുഴുവൻ കൈയിലെടുത്തിരിക്കുന്ന ആ കുട്ടികൾ. അവർ നിലനിൽക്കുന്നത് പാർട്ടിക്ക് അപകടകരമാണ് എന്ന തിരിച്ചറിവു കൊണ്ടാണ് ഈ കൊലപാതകം. പാർട്ടിയുടെ ഉന്നത നേതൃത്വം അറിഞ്ഞുകൊണ്ടുള്ളതാണിത്. ഇവിടെയും നിൽക്കില്ല. മുകളിലോട്ട് പോകും. അപ്പോഴാണ് യഥാർത്ഥ പ്രതി ആരാണ് എന്ന് ഈ നാട് മനസ്സിലാക്കുക.' - അദ്ദേഹം പറഞ്ഞു.

'നീതി കിട്ടുമെന്നാണ് പ്രതീക്ഷ. പട്ടാപ്പകൽ പോലെ തെളിവുള്ളതാണ് ഈ കേസ്. ഈ പ്രതികളൊക്കെ വൈകുന്നേരം, സംഭവം നടന്ന ശേഷം പാർട്ടി ഓഫീസിൽ തമ്പടിച്ചത് നൂറു കണക്കിന് ആളുകൾ കണ്ടതാണ്. ഇതൊരു സാക്ഷികളില്ലാത്ത കേസല്ല. ഒരുപക്ഷേ, കൊല്ലുന്ന സമയത്ത് ദൃക്‌സാക്ഷികളില്ല എങ്കിൽ പോലും ഈ പ്രതികളെല്ലാം ചുറ്റിപ്പറ്റി നിന്നതും ദിവസങ്ങൾ തമ്പടിച്ചതും ഒരു സിനിമ കാണുന്നതു പോലെ ജനം കണ്ടു നിന്നതാണ്. ഈ കേസ് ഇല്ലാതാക്കാനാണ് കേരളത്തിലെ പൊലീസിനെ കൊണ്ട് അന്വേഷിപ്പിച്ചത്.' - സുധാകരൻ ചൂണ്ടിക്കാട്ടി.

കേസ് നടത്താനായി സംസ്ഥാന സർക്കാർ പൊതുഖജനാവ് ധൂർത്തടിച്ചെന്നും അദ്ദേഹം ആരോപിച്ചു. 'സമൂഹത്തോട് പ്രതിബദ്ധതയും ബഹുമാനവും വിധേയത്വവുമുള്ള ഗവൺമെന്റാണ് എങ്കിൽ ഒരിക്കലും യഥാർത്ഥ പ്രതികളെ പിടിക്കാനുള്ള അന്വേഷണത്തിന് സുപ്രിംകോടതി വരെ പോയി കേസ് നടത്തി പൊതുഖജനാവ് ധൂർത്തടിക്കില്ല. ഇത് പാർട്ടി ഓഫീസിൽ നിന്നോ അഴീക്കോടൻ മന്ദിരത്തിൽ നിന്നോ എകെജി മന്ദിരത്തു നിന്നോ കൊണ്ടുവരുന്ന കാശല്ല. മന്ത്രിമാരുടെ മന്ദിരത്തിൽ നിന്നു കൊണ്ടുവരുന്ന കാശുമല്ല. ഇത് സാധാരണക്കാരന്റെ നികുതിപ്പണമാണ്. നികുതിപ്പണം കൊലയാളികളെ രക്ഷിക്കാനായി ചെലവഴിച്ച ഈ സർക്കാർ കേരളത്തിലെ ജനാധിപത്യ വിശ്വാസികളോട് മാപ്പു പറയണം.' - അദ്ദേഹം ആവശ്യപ്പെട്ടു.

അറസ്റ്റിലായത് അഞ്ചു പേർ

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള അഞ്ചു പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും. ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, സുരേന്ദ്രൻ, രാജു എന്നിവരാണ് അറസ്റ്റിലായവർ. 2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത് ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ് ഒന്നാം പ്രതി.

കേസിലെ പ്രതികൾക്കായി ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ 90.92 ലക്ഷം രൂപ ചെലവിട്ടിരുന്നു. കേസ് സിബിഐക്ക് വിട്ട കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകർക്കാണ് സർക്കാർ ഇത്രയും തുക ചെലവിട്ടത്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

കേസിന്റെ നാൾവഴി

2019 ഫെബ്രുവരി 19നാണ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിലായി. മെയ് 14ന് സിപിഎം ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും അറസ്റ്റിലായി. മെയ് 20ന് ക്രൈംബ്രാഞ്ച് ഹോസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജൂലൈ 17ന് കേസിൻറെ വിചാരണ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. സെപ്തംബർ 30ന് ക്രൈംബ്രാഞ്ചിൻറെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച്, അന്വേഷണം സിബിഐക്ക് വിട്ടു.

ഒക്ടോബർ 24ന് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഒൻപത് മാസത്തിനു ശേഷം 2020 ആഗസ്ത് 25ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സെപ്തംബർ 12ന് ഡിവിഷൻ ബെഞ്ചിൻറെ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഡിസംബർ 1ന് സംസ്ഥാന സർക്കാരിൻറെ അപ്പീൽ സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചു.

TAGS :

Next Story