Quantcast

കണ്ണൂരിന്റെ റെയിൽവേ വികസനത്തിന് സമഗ്രനിർദേശങ്ങളുമായി കെ.സുധാകരൻ എംപി; കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കണ്ണൂരിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിയും, പുതിയ ട്രെയിൻ സർവീസുകളും ആവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    19 Aug 2025 3:35 PM IST

കണ്ണൂരിന്റെ റെയിൽവേ വികസനത്തിന് സമഗ്രനിർദേശങ്ങളുമായി കെ.സുധാകരൻ എംപി; കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡൽഹി: കണ്ണൂർ മണ്ഡലത്തിലെ റെയിൽവേ വികസനത്തിനുള്ള സമഗ്രനിർദേശങ്ങളുമായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ സുധാകരൻ എം.പി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.

കണ്ണൂരിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിയും, പുതിയ ട്രെയിൻ സർവീസുകളും ആവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. റെയിൽവേ വികസന കാര്യത്തിൽ കണ്ണൂർ വർഷങ്ങളായി അവഗണിക്കപ്പെടുകയാണെന്നും പ്രഖ്യാപിച്ച പദ്ധതികളുടെ പൂർത്തീകരണം തന്നെ വൈകുകയാണെന്നും എം.പി ചൂണ്ടിക്കാട്ടി.

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി അനുവദിച്ച 34 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഇതേവരെ ആരംഭിക്കാത്തതിലുള്ള പ്രതിഷേധം കേന്ദ്ര മന്ത്രിയെ അറിയിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്‌ഫോം നിർമ്മിക്കുക, ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിൽ എയർ കൂളർ സ്ഥാപിക്കുക, എൻഒസി അപേക്ഷകൾക്ക് സിംഗിൾ വിൻഡോ സംവിധാനം ഏർപ്പെടുത്തുക, പ്രധാന സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം, റൂഫ് എന്നിവ നവീകരിക്കുക, കണ്ണൂർ സൗത്ത് (പ്ലാറ്റ്‌ഫോം 1, 2) , ധർമ്മടം (പ്ലാറ്റ്‌ഫോം 1, 2) ,വളപട്ടണം ,പാപ്പിനിശ്ശേരി, ചിറക്കൽ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയുള്ള നവീകരണം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.

മംഗളൂരു-ഗോവ വന്ദേഭാരത് കണ്ണൂർ വരെ നീട്ടുക, കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ മംഗളൂരു വരെ നീട്ടുക, ഉച്ചയ്ക്ക് 12നും 3നും കണ്ണൂർ–മംഗളൂരു മെമു സർവീസ് ആരംഭിക്കുക, കണ്ണൂർ–ഗോവ പാസഞ്ചർ ട്രെയിൻ ആരംഭിക്കുക, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി മംഗളൂരു വരെ നീട്ടുക, എറണാകുളം-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് മംഗളൂരു വരെ നീട്ടുക, മംഗളൂരു-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ദിവസേന നടത്തുക,കണ്ണൂരിൽ നിന്ന് മൂകാംബികയിലേക്ക് പുതിയ ട്രെയിൻ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

കോയമ്പത്തൂർ - മംഗളൂരു പാസഞ്ചറിന് കണ്ണൂർ സൗത്തിൽ സ്റ്റോപ്പ് നൽകുക, മലബാർ എക്സ്പ്രസിന് പാപ്പിനിശ്ശേരി, കണ്ണൂർ സൗത്ത് സ്റ്റേഷനുകളിൽ സ്റ്റോപ്പ് നൽകുക, കോയമ്പത്തൂർ പാസഞ്ചറിന് ധർമ്മടത്ത് സ്റ്റോപ്പ് അനുവദിക്കുക, എല്ലാ സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് ട്രെയിനുകളിലും സാധാരണ കോച്ചുകളും വനിതകൾക്കായി പ്രത്യേകം കോച്ചുകളും കൂട്ടിച്ചേർക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.

ചിറക്കൽ റെയിൽവേ സ്റ്റേഷൻ സാമ്പത്തികമായി നഷ്ടത്തിലാകാൻ കാരണം ചിറക്കൽ റയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണെന്ന് എം പി ചൂണ്ടിക്കാട്ടി. കോവിഡ്കാലം നിർത്തലാക്കിയ പല സ്റ്റോപ്പുകളും ഇതുവരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസത്തിനു വേണ്ടിയുള്ള നിവേദനവും കെ സുധാകരൻ എം പി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു.

TAGS :

Next Story