Quantcast

ഹിമാചലിലെ കോൺഗ്രസ് വിജയം വിമർശകരുടെ വായടപ്പിക്കുന്നത്: കെ.സുധാകരൻ

''പ്രതിപക്ഷ കക്ഷികളിലെ ഐക്യമില്ലായ്മ ബി.ജെ.പിക്ക് ഗുജറാത്തിൽ കൂടുതൽ ഗുണം ചെയ്തു. വർഗീയ നിലപാടുകളിൽ ഒരുഘട്ടത്തിൽ ബി.ജെ.പിയുടെ മിനിപതിപ്പ് പോലെയാണ് ആപ്പിന്റെ പ്രവർത്തനം''

MediaOne Logo

Web Desk

  • Published:

    8 Dec 2022 1:05 PM GMT

ഹിമാചലിലെ കോൺഗ്രസ് വിജയം വിമർശകരുടെ വായടപ്പിക്കുന്നത്: കെ.സുധാകരൻ
X

തിരുവനന്തപുരം: വർഗീയ ഫാസിസ്റ്റ് ഭരണത്തിൽനിന്ന് രാജ്യം മാറ്റത്തിനാഗ്രഹിക്കുന്നുവെന്ന ഫലസൂചികയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഭരണത്തിന്റെ തണലിൽ ബി.ജെ.പി ഉയർത്തിയ വെല്ലുവിളികളെയും പ്രസിസന്ധികളെയും അതിജീവിച്ച് ഹിമാചൽ പ്രദേശിൽ തിളക്കമാർന്ന വിജയം നേടിയ സഹപ്രവർത്തകരെ അഭിനന്ദിക്കുന്നു. ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന വിമർശകരുടെ വായടപ്പിക്കാൻ കഴിയുന്ന വിജയമാണ് ഹിമാചൽ പ്രദേശിലേത്. കോർപ്പറേറ്റ് മാധ്യമങ്ങൾ ഉൾപ്പെടെ ബി.ജെ.പിക്കാണ് ജയസാധ്യത പ്രഖ്യാപിച്ചത്. കോൺഗ്രസ് ഉയർത്തിയ കർഷക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ഇവിടെ ചർച്ചയായതും കോൺഗ്രസിന്റെ വിജയത്തിന് കാരണമായി. വർഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടേണ്ട സാഹചര്യം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

മതേതര വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് സഹായകരമായ നിലപാടാണ് ചില രാഷ്ട്രീയകക്ഷികൾ സ്വീകരിക്കുന്നത്. അരവിന്ദ് കെജരിവാളിന്റെ ആപ്പും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയുടെ ചട്ടുകങ്ങളായി ഗുജറാത്തിൽ പ്രവർത്തിച്ചു. കോൺഗ്രസിനെ പ്രതിരോധിക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമായാണ് ഇരുപാർട്ടികളും ഗുജറാത്തിൽ പ്രവർത്തിച്ചത്. ബി.ജെ.പിക്ക് അപ്രാപ്യമായ ന്യൂനപക്ഷ വോട്ടുകളിൽ ഉവൈസിയുടെ പാർട്ടിയുടെ സാന്നിധ്യം കൊണ്ട് അവർ നേട്ടമുണ്ടാക്കുകയും മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ആം ആദ്മി പാർട്ടിയെ ഉപയോഗിക്കുകയും ചെയ്തു. കോൺഗ്രസുമായി നേർക്കുനേർ പോരാടുമ്പോൾ മതേതര വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. അത്തരം നിലപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിൽ മാത്രം ചുരുങ്ങിയ സി.പി.എമ്മും സ്വീകരിക്കാറുള്ളത്. പ്രതിപക്ഷ കക്ഷികളിലെ ഐക്യമില്ലായ്മ ബി.ജെ.പിക്ക് ഗുജറാത്തിൽ കൂടുതൽ ഗുണം ചെയ്തു. വർഗീയ നിലപാടുകളിൽ ഒരുഘട്ടത്തിൽ ബി.ജെ.പിയുടെ മിനിപതിപ്പ് പോലെയാണ് ആപ്പിന്റെ പ്രവർത്തനം. ബി.ജെ.പിയുടെ ആശിർവാദത്തോടെ ആം ആദ്മി പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം. ഐ.എമ്മും കോൺഗ്രസ് വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കിയതാണ് ഗുജറാത്തിലെ തിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നത്. ഈ വിഷയങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വം വിശദമായി വിലയിരുത്തുമെന്നും സുധാകരൻ പറഞ്ഞു.

2011 ലെ സെൻസസ് പ്രകാരം 95.17 ശതമാനം ഹിന്ദുമത വിശ്വാസികളുള്ള സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഭരണത്തുടർച്ചക്കായി അവിടെ വർഗീയത ആളികത്തിക്കാൻ ബി.ജെ.പി ശ്രമിച്ചിട്ടും അതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനായി. മതേതര ജനാധിപത്യ വിശ്വാസികൾ കോൺഗ്രസിൽ അർപ്പിച്ച വിശ്വാസമാണ് എല്ലാതരം വർഗീയതയെും പരാജയപ്പെടുത്തി ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വിജയിക്കാനായത്. ഇത് രാജ്യം വർഗീയതയെ കയ്യൊഴിഞ്ഞ് മതേതര ജനാധിപത്യത്തിലേക്ക് മടങ്ങിവരുന്നുവെന്ന സന്ദേശമാണ് നൽകുന്നത്. മതേതര ജനാധിപത്യ മുല്യങ്ങളെ സംരക്ഷിക്കാനും വർഗീയതയെ ഇന്ത്യൻ മണ്ണിൽനിന്ന് തുരത്താനും കോൺഗ്രസിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ജനം വിശ്വസിക്കുന്നതിന്റെ തെളിവുകൂടിയാണ് ഹിമാചൽ പ്രദേശിലെ ഫലമെന്നും സുധാകരൻ പറഞ്ഞു.

TAGS :

Next Story