Quantcast

'തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എല്ലാ നേതാക്കന്മാരും വരില്ല'; പി.സി ജോർജിന്റെ ബഹിഷ്‌ക്കരണത്തിൽ സുരേന്ദ്രൻ

ഇലക്ടറൽ ബോണ്ടിൽ ദേശീയ നേതൃത്വം മറുപടി പറയുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായി സുരേന്ദ്രൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-03-24 16:36:45.0

Published:

24 March 2024 3:05 PM GMT

BJP State President K Surendran justifies PC Georges boycott of Kottayam NDA Convention, K Surendran justifies PC Georges boycott of NDA Convention
X

പി.സി ജോര്‍ജ്, കെ. സുരേന്ദ്രന്‍

കോട്ടയം: പി.സി ജോർജ് കോട്ടയത്തെ എൻ.ഡി.എ കണവെൻഷന്‍ ബഹിഷ്ക്കരിച്ചതിനു ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എല്ലാ നേതാക്കളും വരില്ല. പി.സി ജോർജ് മറ്റു ജില്ലകളിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ഈ പാർലമെന്റ് കൺവെൻഷന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മാത്രമേ വന്നിട്ടുള്ളൂ. പി.സി ജോർജ് ഇന്നലെ കോഴിക്കോട്, കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തതാണ്. ഒരു നേതാവ് വരുമ്പോൾ എല്ലാ നേതാക്കന്മാരും കൂടെ വരില്ല. ഓരോ സ്ഥലത്തേക്കും ഒരു നേതാക്കന്മാരെയാണു നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്നതെല്ലാം മാധ്യമങ്ങളുടെ തെറ്റായ പ്രചാരണമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

ഇലക്ടറൽ ബോണ്ട് വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ സുരേന്ദ്രൻ ക്ഷുഭിതനായി. ബി.ജെ.പിക്ക് 6,000 കോടി കിട്ടിയപ്പോൾ ബാക്കി മറ്റുള്ളവരാണ് വാങ്ങിയത്. നിങ്ങൾക്ക് അതിന് പ്രശ്‌നമില്ലേ. നിങ്ങൾ കോൺഗ്രസിനോട് ഈ ചോദ്യം ചോദിക്കുമോ? ഇലക്ടറൽ ബോണ്ട് വിവാദങ്ങൾക്കു ദേശീയ നേതൃത്വം മറുപടി പറയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും കോട്ടയത്ത് എൻ.ഡി.എയിൽ ബി.ഡി.ജെ.എസ്-പി.സി ജോർജ് പോര് രൂക്ഷമാകുകയാണ്. ഇന്ന് നടന്ന എൻ.ഡി.എ കൺവൻഷനിൽ പങ്കെടുക്കില്ലെന്ന് പി.സി ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിളിക്കാത്ത കല്യാണത്തിൽ ഉണ്ണാൻ പോകുന്ന പാരമ്പര്യമില്ലെന്നായിരുന്നു അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചത്.

ബി.ജെ.പിയുടെ പ്രവർത്തകനാണ് ഞാനിപ്പോൾ. എന്നെ വേണമെങ്കിൽ ബി.ജെ.പിയിൽനിന്ന് ആരെങ്കിലും പറയണം. അല്ലാതെ ഞാൻ പറയുന്നതിൽ അർഥമില്ല. എന്നെ വിളിക്കാത്തത് തെറ്റല്ല. ബി.ജെ.പിയുടെ ഘടകകക്ഷി എന്ന നിലയിൽ പാർട്ടിയുടെ ഉത്തരവാദപ്പെട്ടവർ അതിൽ പങ്കെടുക്കും. എന്നെ വിളിച്ചിട്ടില്ല. വിളിക്കാത്തിടത്ത് ഉണ്ണാൻ പോകുന്ന പാരമ്പര്യം എനിക്കില്ല. എനിക്ക് രാഷ്ട്രീയമായ ബന്ധം മാത്രമേയുള്ളൂ. ബി.ജെ.പിയുടെ ഘടകകക്ഷിയാണ് ബി.ഡി.ജെ.എസ്. അവരുടെ സ്ഥാനാർഥി ജയിക്കണമെന്നു പറയുന്നതിൽ വിരോധമൊന്നുമില്ലെന്നും പി.സി ജോർജ് മീഡിയവണിനോട് പറഞ്ഞു.

ഇന്ന് കെ.പി.എസ് മേനോൻ ഹാളിലായിരുന്നു എൻ.ഡി.എ കൺവൻഷൻ നടന്നത്. കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിലേക്ക് പി.സി ജോർജിനു ക്ഷണമുണ്ടായിരുന്നില്ല. തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിൽനിന്ന് ഉൾപ്പെടെ നേരത്തെ അദ്ദേഹം വിട്ടുനിന്നിരുന്നു. ബി.ഡി.ജെ.എസും പി.സി ജോർജും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും ഇതുവരെ വഴങ്ങിയിട്ടില്ല. ഇതു മുന്നണിക്കു തലവേദനയായിരിക്കുകയാണ്.

Summary: BJP State President K Surendran justifies PC George's boycott of Kottayam NDA Convention

TAGS :

Next Story